Thursday, 18 October 2012

ചില ശല്യപ്പെടുത്തലുകള്‍

നല്ല തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യവേ പെട്ടെന്നാണ് ശീതളിന് ആരോ തന്റെ ശരീരത്തില്‍ ഉരസുന്നതായി തോന്നിയത്, പതിയെ പതിയെ ഉറുമ്പരിക്കുന്ന ഒരു അനുഭവം അവള്‍ക്കുണ്ടായി, തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നും അറിയാത്ത ഭാവത്തില്‍ ഒരു വിരുതന്‍, അവന്റെ ഒരു കൈ താഴേക്ക്‌ പതിയെ തൂക്കിയിട്ടാണ് നില്‍പ്പ്. അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോള്‍ അവള്‍ പതിയെ മുന്നിലേക്ക്‌ കയറി നില്ക്കാന്‍ ശ്രമിച്ചു എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ അവള്‍ ഉള്ളിലേക്ക് തള്ളപ്പെടുകയാനുണ്ടായത്‌. തിരക്ക് കൂടുന്തോറും അവന്റെ കൈകള്‍ അവളുടെ ശരീരത്തില്‍ അരിച്ചിറങ്ങാന്‍ തുടങ്ങി. തുടര്‍ന്നുവന്ന പ്രധാന സ്റ്റോപ്പില്‍ കുറേ ആളുകള്‍ ഇറങ്ങിയതോടെ ബസ്സില്‍ ശ്വാസം കഴിക്കാമെന്ന അവസ്ഥയായി. എന്നിട്ടും ആ മനുഷ്യന്‍ അവളോട്‌ ചാരി ഒന്നുമറിയാത്ത ഭാവത്തില്‍ നില്‍ക്കുകയായിരുന്നു. 

ബസ്സ്‌ യാത്ര തുടരുമ്പോള്‍ നില്‍ക്കുന്നവരും ഇരിക്കുന്നവരുമായ യാത്രക്കാര്‍  പുറം കാഴ്ചകളിലേക്ക് തിരിയുമെന്നും അപ്പോള്‍ അയാള്‍ തന്റെ കൈക്രിയകള്‍ വീണ്ടും ആരംഭിക്കുമെന്നും മനസ്സിലാക്കിയ ശീതള്‍ ശബ്ദം താഴ്ത്തി അയാളോട് അല്‍പ്പം മാറി നില്ക്കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ അയാള്‍ അത് ശ്രദ്ധിക്കാതെ നില്‍പ്പ് തുടരുകയാണുണ്ടായത്.  ബസ്സിലേക്ക് അപ്പോള്‍ കയറിയ ഒരു പെണ്‍കുട്ടിയെ ശ്രദ്ധിച്ചുകൊണ്ടായിരുന്നു അവന്റെ നില്‍പ്പ്. ആ പെണ്‍കുട്ടി ശീതളിന്റെ വലതു ഭാഗത്തായി നില്‍പ്പുറപ്പിച്ചു, യാത്ര തുടരവേ അയാള്‍ ഇരു  സ്ത്രീകളുടേയും  പുറകില്‍ മദ്ധ്യത്തിലായി  ഒരു പ്രത്യേക മെയ്‌ വഴക്കത്തോടെ രണ്ടു കൈയും താഴേക്കു തൂക്കി നില്‍ക്കുവാന്‍ തുടങ്ങി. പിന്നെ പതിയെ അവന്റെ രണ്ടു കൈകളും പ്രവര്‍ത്തിച്ചു തുടങ്ങി. ശീതള്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക്  നോക്കി,  അല്‍പ്പാല്‍പ്പമായി അവിടെ അസ്വസ്ഥത പടരുന്നത്‌ അവള്‍ കണ്ടു. അതോടെ ശീതള്‍ പിന്തിരിഞ്ഞു ഉച്ചത്തില്‍ അയാളോട് നീങ്ങി നില്ക്കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍  തന്നോടല്ല മറ്റാരോടോ ആണെന്ന  ഭാവമാണ് അയാളുടെ മുഖത്ത്. യാത്രക്കാര്‍ ഇതെത്ര കണ്ടിരിക്കുന്നുവെന്ന മട്ടില്‍ അവരെ നോക്കിയ ശേഷം അവരവരുടെ കാഴ്ചകളിലേക്ക് മടങ്ങി. 

വീണ്ടും അയാള്‍ ശല്യം ചെയ്യല്‍ തുടരവേ അവളില്‍ ഒരു പ്രത്യേക ധൈര്യം നിറയുകയാണുണ്ടായത്, പിന്തിരിഞ്ഞു അവള്‍ തന്റെ കൈകള്‍ അയാള്‍ക്ക് നേരെ  ആഞ്ഞു വീശി. എല്ലാ ശക്തിയും അയാള്‍ക്ക്‌ നേരെ പ്രയോഗിക്കുമ്പോള്‍ അവളുടെ  മനസ്സില്‍ മറ്റു പല കാര്യങ്ങളും ഓടിയെത്തി.  പത്തു വയസ്സുള്ളപ്പോള്‍  വളര്‍ച്ചയെത്താത്ത  ഹൃദയ ഭാഗത്തേക്ക്‌ നീണ്ടു വന്ന കൈകളെ ഉറക്കെ അലറിക്കൊണ്ട്‌ തട്ടിയെറിഞ്ഞോടിയതും, ടൂഷന്‍ ക്ലാസ്സിന്റെ ഇട നാഴിയില്‍ പുറകില്‍ നിന്നും  പിടിച്ച കൈകളെ തട്ടിക്കളഞ്ഞതും, തീയേറ്ററില്‍ അരിച്ചുവന്ന കൈകളെ തടുക്കാനാവാതെ ഇരുന്നതും, തുടങ്ങി തന്റെ ബാല്യ കൌമാര സ്വപ്നങ്ങളെ ഭീതിദമാക്കിയ എല്ലാ കൈകളോടുമുള്ള വെറുപ്പ്‌ അന്നേരം ഊര്‍ജ്ജമായി അവളുടെ കൈകളിലേക്ക് പ്രവഹിക്കുകയായിരുന്നു. "ഇതെന്റെ ശരീരമാണ് ഇതില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല, എനിക്കും സ്വാതന്ദ്ര്യത്തോടെ നടക്കണം, ഇനിയിത് വയ്യ" എന്നൊക്കെ അയാളെ പ്രഹരിക്കുമ്പോള്‍ അവള്‍ പുലമ്പുന്നുണ്ടായിരുന്നു. അപ്പോഴേക്കും  അവള്‍ക്കു  ശക്തി പകരാനെന്നപോലെ ആ പെണ്‍കുട്ടിയുടെയും മറ്റു ചിലരുടെയും കൈകള്‍  അയാള്‍ക്ക് നേരെ ഉയര്‍ന്നു തുടങ്ങിയിരുന്നു. 

Sunday, 14 October 2012

വര്‍ത്തമാനം


ഒത്തിരി സംസാരിക്കുന്നതു ഒരു കുറ്റമാണോ? വീട്ടില്‍ അമ്മയ്ക്ക് എപ്പോഴും പരാതി, ഇപ്പോളിതാ ഓഫീസിലും. ഇവര്‍ക്കൊക്കെ എന്താ,  ഞാന്‍ എന്റെ നാവു കൊണ്ടല്ലേ സംസാരിക്കുന്നതു രേണുവിന് ആകെ ദേഷ്യമായി. അല്ലെങ്കിലും ഒറ്റക്കുട്ടിയായി വളര്‍ന്നേന്റെയാണെന്നാ എല്ലാരും അടക്കം പറയണെ! അച്ഛമ്മ മാത്രേ ഉള്ളു ആകെ ഒരു സപ്പോര്‍ട്ട്. "അമ്മയ്ക്ക് കുറച്ചു നേരം മിണ്ടാതിരുന്നൂടേന്നു" എന്നോട് പറയണ പോലെ അമ്മ ഇടയ്ക്കിടെ അച്ഛമ്മയോടും  പറയാറുണ്ട്, എന്നോട് മറിച്ചും "അമ്മയ്ക്ക് ഇത്രേം പ്രായമായാതുകൊണ്ടാണെന്നു പറയാം നിനക്കിതെന്തിന്റെ കുഴപ്പമാണ് രേണു". ഗള്‍ഫില്‍ നിന്നും അച്ഛന്റെ കോള്‍ വന്നാലും അമ്മയ്ക്ക് ഇത് പറയാനേ നേരമുള്ളൂ, ഉറക്കത്തില്‍ പോലും ഞാന്‍ സംസാരമാണെന്നു, പക്ഷെ അച്ഛന്‍ എന്നോട് അതേപ്പറ്റിയൊന്നും ചോദിക്കാറില്ല.

ഇന്റേര്‍ണ്‍ഷിപ്പിനായി ഈ ഓഫീസില്‍ ജോയിന്‍ ചെയ്തപ്പോള്‍ ഒത്തിരി പഠിക്കാമല്ലോ എന്നാണു ഞാന്‍ കരുതിയെ, ഇതിപ്പോ വലിഞ്ഞു കയറി ചെന്ന മട്ടാണ് എല്ലാര്‍ക്കും. ഇതിനിടയില്‍ എപ്പോഴാണാവോ എന്റെ സംസാരം ഇവര്‍ക്ക് വിഷയമായത്, എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. 8-ഉം 10-ഉം വര്‍ഷമൊക്കെ ആയവര്‍ ആണ് സീനിയേര്‍സ് ആയി ഉള്ളത്, അവര്‍ക്ക് തമ്മില്‍ തന്നെ ഈഗോ ക്ലാഷ് ആണ്, അതിനെടയിലാണ് എന്റെ വരവ്, ഒരാള്‍ ഒരു ജോലി എല്‍പ്പിക്കുമ്പോള്‍ മറ്റൊരാള്‍ വേറൊന്നു ഏല്‍പ്പിക്കും, എന്റെ ജോലി തീര്‍ത്തിട്ട് മതി ബാക്കി ജോലിയെന്ന് ഓരോരുത്തരും ആജ്ഞാപിക്കും, അവസാനം ജോലി തീര്‍ക്കാനായി ഞാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥയും. കൂടാതെ എന്റെ ഐഡിയകള്‍  സ്വന്തമാക്കി ക്രെഡിറ്റ്‌ തട്ടിയെടുക്കാനും മത്സരമാണ്‌, ഇതിനെതിരെ പ്രതികരിച്ചതാണിപ്പോള്‍ കുറ്റമായത് . അവര്‍ എനിക്കെതിരെ പരാതിയുമായി മാനേജുമെന്റിന്റെ അടുത്ത് പോയിരിക്കുന്നു. ഞാന്‍ ഭയങ്കര സംസാരമാണെന്നും, ജോലിയില്‍ ശ്രദ്ധയില്ലെന്നും, എന്തുമായിക്കോട്ടേ പരസ്യമായി ആക്ഷേപിക്കുകയും ചെയ്തപ്പോള്‍ എനിക്ക് അവിടന്ന് ഓടിപ്പോരാനാണ് തോന്നിയെ. ഇനി അങ്ങോട്ടില്ലെന്നുതന്നെ മനസ്സില്‍ ഉറപ്പിച്ചാണ്  ഓഫീസില്‍ നിന്നും ഇറങ്ങിയെ.

വൈകിട്ട് കൂട്ടുകാരി അന്നയെ വിളിച്ചു അവളോട്‌ കാര്യങ്ങള്‍ എല്ലാം പറഞ്ഞു കഴിഞ്ഞു കുറെ കരഞ്ഞു, എന്റെ കരച്ചില്‍ കേട്ട് അവള്‍ പറഞ്ഞു "നാളെ നമുക്കൊരു സൈക്കാട്രിസ്റ്റിനെ കണ്ടാലോ? ഒരു കൌണ്‍സിലിംഗ്  കൊണ്ട്  ഒരുപക്ഷെ നിന്റെ പ്രോബ്ലം സോള്‍വായെക്കും". അതോടെ ഞാന്‍ കൂടുതല്‍ പ്രശ്നത്തിലായി, സൈക്കാട്രിസ്റ്റിനെ കാണാന്‍ മാത്രം ഞാന്‍ പ്രശ്നത്തി ലാണോ? പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോണ്‍ വെച്ചു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുറിയില്‍ ഇരിക്കുമ്പോഴാണ് അച്ഛമ്മ കടന്നു വന്നത്.  "എന്താ വാവച്ചിയെ  ഒറ്റക്കിരിക്കുന്നെ", അച്ഛമ്മ മാത്രമെന്നെ വാവച്ചീന്നാണ് വിളിക്കുന്നെ, ചോദ്യം കേട്ടാണ് ഞാന്‍ മുഖമുയര്‍ത്തിയത്.  എന്റെ മുഖം കണ്ടപ്പോള്‍ എന്തോ  പ്രശ്നമുണ്ടെന്നു അച്ഛമ്മയ്ക്ക് മനസ്സിലായി. ഞാന്‍ ഓഫീസില്‍ ഉണ്ടായ കാര്യം പറഞ്ഞു  ഇനി ജോലിക്ക് പോകുന്നില്ലെന്നും, കേട്ടതും അച്ഛമ്മ പറഞ്ഞു "മോള്‍ സംസാരിക്കുന്നത് മോള്‍ടെ കുഴപ്പമല്ല, പിന്നെ നമുക്ക് പറയാനുള്ളത് പറയാതെ മനസ്സില്‍ വെച്ച് പൂഴ്തീട്ടു എന്താ നേട്ടം, നമുക്ക് ആരോട് എന്തു പറയണമെന്ന് നാം തീരുമാനിക്കണം, അതിനു മുന്‍പ് ശരി തെറ്റ് ഏതാണെന്ന് നമ്മുടെ മനസ്സില്‍ ഉറപ്പിക്കണം, ശരിയുടെ ഭാഗത്ത്‌ നിന്ന് പറയണം, നമുക്ക് വേണ്ടി മറ്റുള്ളവര്‍ പറയണമെന്ന് ചിന്തിക്കുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്, വാവാച്ചി ഇപ്പോള്‍ പറയേണ്ടത് ആരുടേയും ആശ്രയമില്ലാതെ പറയുന്നില്ലേ അതാണ്‌ മോളുടെ കഴിവ്, പിന്നെ എന്തിനാ വിഷമിക്കുന്നേ? ഇന്ന് ആരും മോളുടെ ഭാഗത്തുണ്ടാവില്ല, പക്ഷെ നാളെ മോളുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കാനും ആളുണ്ടാവും, അന്ന് മോളെ എല്ലാരും നല്ലതേ പറയൂ, അതോണ്ട് ഒന്നിനെപ്പറ്റിയും ഓര്‍ത്തു വിഷമിക്കാതെ, നല്ലത് മാത്രം  വിചാരിക്കു".

ഹാവൂ! എന്റെ മനസ്സ് ശരിയാക്കാന്‍ ഈ അച്ഛമ്മയ്ക്ക് എത്ര പെട്ടെന്നാ  കഴിഞ്ഞേ, എന്തൊരു പോസിറ്റീവ് എനര്‍ജിയാണ് ! അച്ഛമ്മയ്ക്ക് വല്ല കൌണ്‍ലരും ആയിക്കൂടാരുന്നോ ഞാന്‍ മനസ്സില്‍ വിചാരിച്ചു. എന്തായാലും  നാളെ ഓഫീസില്‍ പോകണമെന്നും എല്ലാവരെയും തന്മയത്വത്തോടെ നേരിടുമെന്നും, പറയാനുള്ളത് മുഖം നോക്കാതെ പറയുമെന്നും  ഉറപ്പിച്ചുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു.

Wednesday, 22 February 2012

പച്ചപ്പിനു നടുവില്‍

ഒരു മാസം ചേച്ചിയുടെ വീട്ടില്‍ പോയി നില്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇത്രയും നല്ലൊരു അനുഭവം ഞാന്‍ പ്രതീക്ഷിച്ചില്ല. മുന്‍പ് പലപ്പോഴും പോയിട്ടുണ്ടെങ്കിലും വീടിനു സമീപത്തെ പാടവും മറ്റും ഒരു ദൂരെ കാഴ്ചയായെ ഞാന്‍ കണ്ടിരുന്നുള്ളൂ, അരികെ ചെന്ന് കാണുവാനുള്ള സമയമോ സന്ദര്‍ഭമോ ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ എന്നെ ഭാഗ്യം കടാക്ഷിച്ചു, നെല്ല് കതിരിട്ടു കൊയ്യുന്ന ഈ സമയത്ത് അവിടെ പോകാനും ഗ്രാമ്യ ഭംഗി ആസ്വദിക്കാനും കിട്ടിയ അവസരം ഞാന്‍ പൂര്‍ണ്ണമായും മുതലാക്കി. കൂടെ ചേച്ചിമാരുടെയും സമീപത്തെയും കുട്ടികളും. എല്ലാ ദിവസവും വൈകിട്ട് ഞങ്ങള്‍ നടക്കാനെന്നു പറഞ്ഞു വീട്ടില്‍ നിന്നുമിറങ്ങും. 5 മുതല്‍ 17 വരെ പല പ്രായത്തിലുള്ള എട്ടുപേര്‍ ഞങ്ങളുടെ സംഘത്തിലുണ്ട്. 

പട്ടണത്തിലെ തിരക്കില്‍ നിന്നും നാട്ടിന്‍ പുറത്തെ നന്മയിലേക്കുള്ള ഒരു യാത്ര തന്നെയായിരുന്നു ഇത്. അതോടൊപ്പം നഷ്ടപ്പെട്ടു പോയ ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കും. അവരോടൊപ്പം ചിലവിട്ട ഓരോ നിമിഷവും എന്നില്‍  പുത്തന്‍ ഉന്മേഷം നിറച്ചു. ചിലപ്പോഴൊക്കെ ഞാനും അവരോടൊപ്പം കളിയ്ക്കാന്‍ കൂടി, കൈത്തോടുകളില്‍ ഇറങ്ങി വെള്ളം തേവി കളിച്ചു, അമ്പലക്കുളത്തില്‍  കരയില്‍ നിന്ന്  പുളവനെ എറിഞ്ഞ് ഓടിക്കുന്ന  കുരുന്നു കുസൃതികള്‍ ആസ്വദിച്ചും, പാടത്തിറങ്ങുന്ന പേരറിയാ കിളികളുടെ പിറകേയോടിയും ഞാന്‍ എന്റെ ബാല്യത്തിലേക്ക് തിരിച്ചുപോയി. 
ഓരോ ദിവസവും അകലെയുള്ള റെയില്‍വേ മേല്‍പ്പാലത്തിലേക്ക് പല വഴികളിലൂടെയാണ്‌ ഞങ്ങള്‍ പോയത്, ചിലപ്പോള്‍ നെല്‍പ്പാടത്തിലൂടെ , ചിലപ്പോള്‍ കപ്പ കാടുകള്‍ക്കിടയിലൂടെ, മറ്റുചിലപ്പോള്‍ റബര്‍ തോട്ടത്തിലൂടെ, ലക്‌ഷ്യം പടികള്‍ കയറിയുള്ള  ആ റെയില്‍വേ ട്രാക്ക് ആയിരുന്നു. കൂട്ടത്തിലെ ചിന്നവന്‍ പല കാര്യങ്ങളും എന്നെ പഠിപ്പിക്കാന്‍ മുന്‍പിലുണ്ടായിരുന്നു. അവന്റെ ചോദ്യം ഞാന്‍ പെരുമ്പാമ്പാമ്പിനെ കണ്ടിട്ടുണ്ടോ എന്നായിരുന്നു? ഇല്ല എന്ന എന്റെ ഉത്തരത്തിനു അവന്റെ വാഗ്ദാനം 'ഞാന്‍ കാട്ടിത്തരാം' എന്നായിരുന്നു.  എന്നാല്‍ അവന്റെ പെരുമ്പാമ്പാമ്പായ ചേരയെ ഞാന്‍ അവന്‍ സ്കൂളില്‍ പോയ സന്ദര്‍ഭത്തില്‍ കാണുക തന്നെ ചെയ്തു. ഇതുവരെ കാലില്ലാത്ത ഈ ഇനത്തിനെ എന്റെ നാട്ടിലെങ്ങും കണ്ടിട്ടില്ലാത്ത ഞാന്‍ ഭയന്ന് നിലവിളിച്ചു, എല്ലാരും ഓടിയെത്തി ചേരയാണെന്ന് കണ്ടു എന്നെ കളിയാക്കി ചിരിച്ചു. 

എന്തായാലും എന്നും എന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കുറച്ചു ദിവസങ്ങള്‍ പള്ളിക്കല്‍ എന്ന ആ കൊച്ചു ഗ്രാമം തന്നു. മറക്കില്ല മഞ്ഞുപെയ്യുന്ന ആ ജനുവരിയെ.