Wednesday 22 February 2012

പച്ചപ്പിനു നടുവില്‍

ഒരു മാസം ചേച്ചിയുടെ വീട്ടില്‍ പോയി നില്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇത്രയും നല്ലൊരു അനുഭവം ഞാന്‍ പ്രതീക്ഷിച്ചില്ല. മുന്‍പ് പലപ്പോഴും പോയിട്ടുണ്ടെങ്കിലും വീടിനു സമീപത്തെ പാടവും മറ്റും ഒരു ദൂരെ കാഴ്ചയായെ ഞാന്‍ കണ്ടിരുന്നുള്ളൂ, അരികെ ചെന്ന് കാണുവാനുള്ള സമയമോ സന്ദര്‍ഭമോ ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ എന്നെ ഭാഗ്യം കടാക്ഷിച്ചു, നെല്ല് കതിരിട്ടു കൊയ്യുന്ന ഈ സമയത്ത് അവിടെ പോകാനും ഗ്രാമ്യ ഭംഗി ആസ്വദിക്കാനും കിട്ടിയ അവസരം ഞാന്‍ പൂര്‍ണ്ണമായും മുതലാക്കി. കൂടെ ചേച്ചിമാരുടെയും സമീപത്തെയും കുട്ടികളും. എല്ലാ ദിവസവും വൈകിട്ട് ഞങ്ങള്‍ നടക്കാനെന്നു പറഞ്ഞു വീട്ടില്‍ നിന്നുമിറങ്ങും. 5 മുതല്‍ 17 വരെ പല പ്രായത്തിലുള്ള എട്ടുപേര്‍ ഞങ്ങളുടെ സംഘത്തിലുണ്ട്. 

പട്ടണത്തിലെ തിരക്കില്‍ നിന്നും നാട്ടിന്‍ പുറത്തെ നന്മയിലേക്കുള്ള ഒരു യാത്ര തന്നെയായിരുന്നു ഇത്. അതോടൊപ്പം നഷ്ടപ്പെട്ടു പോയ ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കും. അവരോടൊപ്പം ചിലവിട്ട ഓരോ നിമിഷവും എന്നില്‍  പുത്തന്‍ ഉന്മേഷം നിറച്ചു. ചിലപ്പോഴൊക്കെ ഞാനും അവരോടൊപ്പം കളിയ്ക്കാന്‍ കൂടി, കൈത്തോടുകളില്‍ ഇറങ്ങി വെള്ളം തേവി കളിച്ചു, അമ്പലക്കുളത്തില്‍  കരയില്‍ നിന്ന്  പുളവനെ എറിഞ്ഞ് ഓടിക്കുന്ന  കുരുന്നു കുസൃതികള്‍ ആസ്വദിച്ചും, പാടത്തിറങ്ങുന്ന പേരറിയാ കിളികളുടെ പിറകേയോടിയും ഞാന്‍ എന്റെ ബാല്യത്തിലേക്ക് തിരിച്ചുപോയി. 
ഓരോ ദിവസവും അകലെയുള്ള റെയില്‍വേ മേല്‍പ്പാലത്തിലേക്ക് പല വഴികളിലൂടെയാണ്‌ ഞങ്ങള്‍ പോയത്, ചിലപ്പോള്‍ നെല്‍പ്പാടത്തിലൂടെ , ചിലപ്പോള്‍ കപ്പ കാടുകള്‍ക്കിടയിലൂടെ, മറ്റുചിലപ്പോള്‍ റബര്‍ തോട്ടത്തിലൂടെ, ലക്‌ഷ്യം പടികള്‍ കയറിയുള്ള  ആ റെയില്‍വേ ട്രാക്ക് ആയിരുന്നു. കൂട്ടത്തിലെ ചിന്നവന്‍ പല കാര്യങ്ങളും എന്നെ പഠിപ്പിക്കാന്‍ മുന്‍പിലുണ്ടായിരുന്നു. അവന്റെ ചോദ്യം ഞാന്‍ പെരുമ്പാമ്പാമ്പിനെ കണ്ടിട്ടുണ്ടോ എന്നായിരുന്നു? ഇല്ല എന്ന എന്റെ ഉത്തരത്തിനു അവന്റെ വാഗ്ദാനം 'ഞാന്‍ കാട്ടിത്തരാം' എന്നായിരുന്നു.  എന്നാല്‍ അവന്റെ പെരുമ്പാമ്പാമ്പായ ചേരയെ ഞാന്‍ അവന്‍ സ്കൂളില്‍ പോയ സന്ദര്‍ഭത്തില്‍ കാണുക തന്നെ ചെയ്തു. ഇതുവരെ കാലില്ലാത്ത ഈ ഇനത്തിനെ എന്റെ നാട്ടിലെങ്ങും കണ്ടിട്ടില്ലാത്ത ഞാന്‍ ഭയന്ന് നിലവിളിച്ചു, എല്ലാരും ഓടിയെത്തി ചേരയാണെന്ന് കണ്ടു എന്നെ കളിയാക്കി ചിരിച്ചു. 

എന്തായാലും എന്നും എന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കുറച്ചു ദിവസങ്ങള്‍ പള്ളിക്കല്‍ എന്ന ആ കൊച്ചു ഗ്രാമം തന്നു. മറക്കില്ല മഞ്ഞുപെയ്യുന്ന ആ ജനുവരിയെ.