Thursday, 31 March 2011

വരയാടുകള്‍

കഴിഞ്ഞ വേനല്‍ അവധിക്കു മെയ്‌ ദിനത്തില്‍ എറണാകുളത്തുനിന്നും മൂന്നാറിലേക്ക് ഒരു യാത്ര, നാലുപേരടങ്ങുന്ന ഓഫീസില്‍ നിന്നും കുടുംബസമേതം 17പേര്‍. ആറുമണിക്ക് യാത്രതിരിച്ചു പന്ത്രണ്ടു മണിയോടെ മൂന്നാര്‍ എത്തി. യാത്ര തിരിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ കയറ്റം തുടങ്ങി, വാളുവെപ്പുകാര്‍ അവിടവിടെ ഊഴമിട്ടു തുടങ്ങി. പ്ലാസ്റ്റിക് കവറുകള്‍ കൈവശം കരുതിയിരുന്നതിനാല്‍ രക്ഷപെട്ടു. രാജമലയില്‍നിന്നും വരയാടുകളെ കാണുവാനായി പോകാമെന്ന് തീരുമാനമായി. അവിടേക്ക് പോകുന്നതിനുള്ള വാഹനം കാത്ത് ക്യുവില്‍ നില്‍പ്പായി. പൊരിവെയിലില്‍ നില്‍ക്കുമ്പോള്‍ കൂട്ടത്തില്‍നിന്നു കമെന്റ് 

'അല്പം തണുപ്പ് പ്രതീക്ഷിച്ചാണ് ഇവിടെ വന്നത് ഇതിപ്പോ കൊച്ചിയെ വെല്ലും'.

ഒരു വാന്‍ വന്നു കുറച്ചാളുകള്‍ പോയപ്പോള്‍ അവിടത്തെ ഷെഡിലേക്ക് ഞങ്ങള്‍ കയറി കുറച്ചു കഴിഞ്ഞപ്പോള്‍ പുറകില്‍ ആളുകള്‍ വന്നു നിറഞ്ഞു. സിനിമ തീയേറ്ററില്‍ ടിക്കറ്റ്‌ കൌണ്ടരിലേക്കുള്ള ക്യു മാതിരി.

ഞങ്ങളുടെ എംടി ക്യുവില്‍ നില്‍ക്കാതെ വേറെ വഴിയില്‍ ടിക്കറ്റ്‌ കിട്ടുമോ എന്ന് നോക്കട്ടെയെന്നു പറഞ്ഞു പോയി. മുന്നിലെ കൌണ്ടറില്‍ ചെന്നപ്പോള്‍ ആരോ പറഞ്ഞു ഏതെങ്കിലും ഒരു കുട്ടിയെ കൊണ്ടുവന്നു നിറുത്തിയാല്‍ ടിക്കറ്റ്‌ എടുക്കാമെന്ന്. വെപ്രാളക്കാരനായ എംടി കേട്ടതുപാതി കേള്‍ക്കാത്തത് പാതി ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തിലൊരു കുട്ടിയെ വിളിച്ചുകൊണ്ടു പോയി മുന്നില്‍ നിര്ത്തി. ഇനി ക്യുവില്‍ നില്‍ക്കെണ്ടല്ലോ എന്ന് കരുതി ഞങ്ങളില്‍ ചിലര്‍ തിക്കി പുറത്തിറങ്ങി. കുറച്ചുപേര്‍ വിശ്വസിക്കാതെ അവിടെ നിന്നു, പെട്ടെന്ന് സര്‍ വന്നു പറഞ്ഞു ക്യു നിന്ന ആളുകളുടെ തലയെന്നിയെ ടിക്കറ്റ്‌ നല്‍കൂ എന്ന്, പിന്നെയും ഉന്തി തള്ളി അകത്തേക്ക്, പുറകില്‍ നില്‍ക്കുന്നവരുടെ ചീത്ത വേറെ.

സംഘത്തിലെ ആണുങ്ങള്‍ മാറി നിന്ന് ചര്‍ച്ച, ഇനി വണ്ടി വന്നു വരയാടുകളെ കാണാന്‍ പോയാല്‍ സമയം പോകും, ഒരു പക്ഷെ വരയാടിനെ കാണുകയുമില്ല, യാത്ര വെറുതെയാകും, ഇപ്പോള്‍ തന്നെ ഒരു മണി ആയി. അങ്ങനെ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്തു, അപ്പോഴേക്കും ലൈന്‍ കുറച്ചു മുന്നിലെത്തി. ആര്‍ക്കും തിരിച്ചു ഇറങ്ങാനാവാത്ത അവസ്ഥ, അവിടെ കമ്പി അഴി പകുതിയേ ഉള്ളൂ, താഴത്തെ കമ്പിയില്‍ ചവുട്ടി മുകളിലെ കമ്പിയില്‍ ഇരുന്നു പതുക്കെ കാല്‍ പുറത്തേക്കു വെച്ചാല്‍ ചാടിപ്പോരാം, പണ്ട് നാട്ടിലുണ്ടായിരുന്ന മുള്ള് വേലി ചാടിക്കടന്ന കാര്യം മുതിര്‍ന്ന സ്ത്രീകള്‍ പറഞ്ഞു, ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അങ്ങനെ ഒരു അവസരം ഇല്ലല്ലോ, കാരണം ഞങ്ങള്‍ വളര്‍ന്നപ്പോള്‍ മതിലുകള്‍ കേട്ടിപ്പോക്കിയില്ലേ, ഇതൊക്കെ പറഞ്ഞു അവര്‍ ഞങ്ങളെ കളിയാക്കി, ഞങ്ങള്‍ പതുക്കെ ഇരുന്നു പുറത്തിറങ്ങി, പക്ഷെ സാരി ഉടുത്ത മുതിര്‍ന്നവര്‍ പെട്ട് പോയി, കാരണം അവര്‍ക്ക് കാലു പതുക്കെയാനെങ്കിലും പൊക്കാന്‍ പറ്റില്ല, അവസാനം ഞങ്ങള്‍ പതുക്കെ അവരെ ഇരുത്തി കാലുകള്‍ ചേര്‍ത്ത് പിടിച്ചു അവിടെനിന്നും ഇറക്കി.

അപ്പോള്‍ പുറകില്‍ നിന്നും കമ്മെന്റ് 'ദാ  വരയാടുകള്‍ പോണു' അവര്‍ക്ക് വഴി മാറി കൊടുക്ക്‌, അതുവരെ പുരകിലുള്ളവരെ ഞങ്ങളുടെ പരാക്രമം കണ്ടിരുന്നുള്ളൂ, പുറകില്‍ നിന്നും ആരൊക്കെയോ ഇത് വിളിച്ചു പറഞ്ഞതും മുന്നില്‍ നിന്നവരും ഞങ്ങളെ തിരിഞ്ഞു നോക്കി, എല്ലാവരും ചിരി,  വരയാടിനെ കാണണമെങ്കില്‍ ഇനി പുറത്തു പോകേണ്ട ഇവരാണല്ലോ യഥാര്‍ത്ഥ വരയാടുകള്‍, ഞങ്ങള്‍ ചൂളി അവിടെ നിന്നും പോന്നു.   

Thursday, 24 March 2011

മഹേത്തര്‍ നിന്നെത്തേടി

അന്ന് ഒരു ശനിയാഴ്ചയായിരുന്നു ഉച്ചവരെ ക്ലാസ്സ് ഉണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞു ഞാനും ചേച്ചിയും വീട്ടിലേക്ക് മടങ്ങി. വീടിനടുത്തുള്ള ഇടവഴിയില്‍ ഓട്ടോക്കാരന്‍ ഇറക്കി. വീട്ടിലേക്ക് ഓടുമ്പോള്‍ ആരോ പിന്നില്‍നിന്നും പിടിച്ചു.
നോക്കുമ്പോള്‍ ഒരു അയല്‍വാസി ഞങ്ങളോട്‌: "നിങ്ങളിതെങ്ങോട്ടാ ഓടുന്നത്"

ഞാന്‍ പറഞ്ഞു: "അച്ഛന്‍ വന്നു കാണും വിടൂ ഞങ്ങളെ" (അച്ഛന്‍ ബിസിനസ്‌ ആവശ്യത്തിനായി ബാംഗ്ലൂര്‍ പോയിരിക്കുകയായിരുന്നു

ഉടനെ അയാള്‍ പറഞ്ഞു: "നിങ്ങള്‍ ഓടിയിട്ട് വലിയ കാര്യമില്ല. നിന്റെ അച്ഛന് വേറെ കുട്ടിയെ കിട്ടി ഇനി നിങ്ങളെ വേണ്ട"

എന്റെ ചേച്ചി ഇപ്പോള്‍ കരയും എന്ന മട്ടില്‍ നില്‍ക്കുകയാണ്. ഞാന്‍ അയാളുടെ കൈ വിടുവിച്ചു ചേച്ചിയെയും വലിച്ചുകൊണ്ട് ഓടി, ഗേറ്റിനടുത്തു ചെന്നപ്പോള്‍ കണ്ടു ഒരാള്‍ക്കൂട്ടം, ഞാന്‍ ആള്‍കൂട്ടത്തെ വകച്ചു ചേച്ചിയെയും പിടിച്ചു അകത്തേക്ക് കടന്നു, അപ്പോഴതാ അപ്പച്ചി ഒരു കറുത്ത രൂപത്തെ തേച്ച് കുളിപ്പിക്കുന്നു (അന്ന് ഞങ്ങള്‍ കൂട്ട് കുടുംബമായി അച്ഛന്റെ വീട്ടിലാണ് താമസം). കാഴ്ചയ്ക്കായി കുറെ അയല്‍ക്കാരും പിന്നെ വീട്ടിലുള്ളവരും. അകത്തേക്ക് ചെന്ന് ബാഗും പുസ്തകവും വലിച്ചെറിഞ്ഞു ഞാന്‍ അമ്മയ്ക്കരികിലേക്ക് ഓടി "അതാരാണ് അമ്മെ?" ഞാന്‍ ചോദിച്ചു.

അമ്മ: "അത് നിങ്ങളുടെ അച്ഛന് ട്രെയിനില്‍ നിന്നും കിട്ടിയ കുട്ടിആണ് "

ഞാന്‍: "ട്രെയിനില്‍ നിന്നോ എങ്ങനെ"

അമ്മ: "അച്ഛന്‍ ഉറങ്ങുകയാണ് ഉണരുമ്പോള്‍ അച്ഛന്‍ തന്നെ ആ കുട്ടിയെ കിട്ടിയ കാര്യം പറഞ്ഞുതരും"

അമ്മയുടെ മറുപടിയില്‍ തൃപ്തരാകാതെ ഞങ്ങള്‍ ഉമ്മറത്തേക്ക് നടന്നു, അവിടെ കുളിപ്പിക്കല്‍ അവസാനിച്ചു കഴിഞ്ഞു, തല തുവര്‍ത്തുകയാണ് അവന്റെ  മുഖം കാണാന്‍ ഞങ്ങള്‍ എത്തി നോക്കി. തല തുടച്ചശേഷം അപ്പച്ചി കസിന്‍ ചേട്ടന്റെ ഡ്രസ്സ്‌ ധരിപ്പിച്ചു. തിരക്കില്‍ അവന്റെ  മുഖം കാണാന്‍ പറ്റുന്നില്ലായിരുന്നു.

അപ്പച്ചി അവനെ ഉമ്മറത്തേക്ക് കയറ്റി, അപ്പോഴാണ്‌ ശരിക്കും ഞങ്ങള്‍ അവനെ കണ്ടത്, എന്‍റെ അതേ പ്രായമാണ് അവനെന്നു മനസ്സിലാക്കാന്‍ സഹായിച്ചത് അവന്‍റെ മുന്‍വശത്തെ പല്ലില്ലാത്ത വിടവായിരുന്നു, ചെമ്പിച്ച തലമുടി, ഇരുനിറം പതിഞ്ഞ മുഖം (ഇന്ന് കേരളത്തില്‍ കെട്ടിടം പണിക്കു വരുന്നവരെ കാണുമ്പോള്‍ അവന്റെ  ആ നോര്‍ത്ത് ഇന്ത്യന്‍  മുഖച്ചായയെക്കുറിച്ച് ഓര്‍ക്കാറുണ്ട്‌ ഞാന്‍). ചേട്ടന്റെ ഡ്രസ്സ്‌ അവനു അല്പം വലുതായിരുന്നു. അപ്പച്ചി അവനു ഭക്ഷണം കൊടുത്തു. ശേഷം ഉറങ്ങാന്‍ പറഞ്ഞു അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി, എല്ലാം ആംഗ്യ ഭാഷയിലാണ് അവനോടു പറഞ്ഞത്, കാരണം അവനു മലയാളം അറിയില്ലല്ലോ, കുറേ നേരം ആ കുട്ടിയെ നോക്കിക്കൊണ്ട്‌ ഇരുന്ന ശേഷം ഞാന്‍ അച്ഛന്‍ ഉറങ്ങുന്ന മുറിയിലേക്ക് ചെന്നു. അച്ഛന്‍ നല്ല ഉറക്കത്തിലാണ്, മൂന്നു വയസ്സുകാരി അനിയത്തിയും ഒപ്പം ഉറങ്ങുന്നുണ്ട്, ഞാനും ചേച്ചിയും പരസ്പരം നോക്കി - അച്ഛന്‍ എപ്പോഴാണ് ഉണരുക എന്നുള്ള മട്ടില്‍. 

വൈകിട്ട് അച്ഛന്‍ ഉണര്‍ന്നപ്പോള്‍ ഞങ്ങള്‍ അച്ഛന്റെ അരികില്‍ ചെന്നു - അച്ഛന്‍ ഞങ്ങള്‍ക്ക് ബംഗ്ലൂരില്‍ നിന്നും കൊണ്ടുവന്ന സാധനങ്ങള്‍ തന്നു. ശേഷം ഞങ്ങളോട് ചോദിച്ചു "നിങ്ങള്‍ ആ കുട്ടിയെ കണ്ടോ" 

ഞങ്ങള്‍ കോസ്സ് ആയി: "കണ്ടു അതാരാ അച്ഛാ"

അച്ഛന്‍: "അത് അച്ഛന് ട്രെയിനില്‍ നിന്നും കിട്ടിയ കുട്ടിയാണ്"


ഞാന്‍: "എങ്ങനെ"

അച്ഛന്‍: "അതോ, അച്ഛന്‍ ബംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറി - ട്രെയിന്‍ കുറെ ദൂരം ഓടി കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി സീറ്റിനടിയില്‍ എന്തോ അനങ്ങുന്നെന്ന് താഴേക്കു നോക്കിയപ്പോള്‍ ബാഗ് വെച്ചിരിക്കുന്നതിന്റെ മറവില്‍ ഈ കുട്ടി ഒളിച്ചിരിക്കുന്നു - ഞാന്‍ അവനോടു പുറത്തു വരാന്‍ പറഞ്ഞു, ജന്മം ചെയ്‌താല്‍ അവന്‍ വരില്ല, ടി ടി ആര്‍ വന്നാല്‍ ടിക്കറ്റ്‌ എടുക്കാതെ യാത്ര ചെയ്തതിനു അവനെ പിടിക്കും ആ പേടിയാണ് കക്ഷിക്ക്, ഞാന്‍ അവനു ബിസ്കറ്റ് നീട്ടി, അപ്പോള്‍ അവന്‍ പുറത്തേക്കു വന്നു, ചുറ്റും പരതി നോക്കുന്നുണ്ടായിരുന്നു, ടി ടി ആര്‍വന്നാല്‍ ടിക്കറ്റ്‌ ഞാന്‍ എടുത്തോളാമെന്നു പറഞ്ഞു, അവനു മനസ്സിലായില്ല, പല ഭാഷകളും ഞാന്‍ പറഞ്ഞു അവനു ഒന്നും അറിയില്ല,  ഹിന്ദി പറഞ്ഞപ്പോള്‍ അത് കുറച്ചറിയാം വീടും നാടുമില്ലെന്നും തെരുവിലാണ് കഴിയുന്നതെന്നും ഭക്ഷണം കഴിച്ചിട്ട് 3ദിവസമായി എന്നും പറഞ്ഞു. ഞാന്‍ ചോദിച്ചു നീ എന്റെ കൂടെ വരുന്നോ എന്ന്, അവന്‍ സമ്മതിച്ചു അങ്ങനെ കൂട്ടിക്കൊണ്ടു പോന്നതാണ്" അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

ചേച്ചി ചോദിച്ചു: "അപ്പോള്‍ ആ കുട്ടി ഇനി നമ്മുടെ കൂടെയാണോ താമസിക്കുക?"

അച്ഛന്‍: "അതെ അവന്‍ ഇനി നമ്മുടെ കൂടെ താമസിക്കും, നിങ്ങളുടെ ആങ്ങളയാ അവന്‍, അങ്ങനെ കരുതണം അവനു ആരും ഇല്ലാത്തതല്ലേ, നിങ്ങള്‍ അവന്റെ കൂടെ കളിക്കണം, അവനെ നമുക്ക് സ്കൂളിലും ചേര്‍ക്കണം"

ഞാന്‍: "അതിനു ആ കൊച്ചിന് മലയാളം അറിയില്ലല്ലോ പിന്നെന്ത് ചെയ്യും"

അച്ഛന്‍: "നമുക്ക് പഠിപ്പിക്കാം - നിങ്ങള്‍ അവനുമായി വര്‍ത്തമാനം പറയണം അപ്പോള്‍ അവന്‍ പഠിച്ചോളും"

അച്ഛന്‍ അവനു ഒരു പേരിട്ടു, ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ നാട്ടില്‍ വലിയ വാര്‍ത്തയായിരുന്നു അവന്‍, അവനെ കാണാന്‍ ധാരാളം പേര്‍ വരുകയും ചെയ്തു, ബന്ധുക്കള്‍ വരുമ്പോള്‍ പലരും അച്ഛനെ കുറ്റപ്പെടുത്തുന്നത് കേട്ടു, ഇവനിതെന്തിന്റെ  കേടാ എന്നൊക്കെ, ഞങ്ങളുടെ ടൂഷന്‍ ക്ലാസ്സില്‍ ഞങ്ങളോട്  എല്ലാവര്ക്കും ഇതേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. പിന്നെപ്പിന്നെ നാട്ടില്‍ അവന്‍ എല്ലാവര്ക്കും പരിചിതനായി, എപ്പോഴോ  അവന്‍ ഞങ്ങളുടെയും കൂട്ടുകാരനായി, അറിയില്ല ഒരു സഹോദരനായി അവനെ ഞങ്ങള്‍ കണ്ടിരുന്നോ എന്ന്, അവന്‍ ഞങ്ങള്‍ക്കൊരു കളിക്കൂട്ടുകാരനായിരുന്നു, പതിയെ അവന്‍ മലയാളം പഠിച്ചു. പക്ഷെ അവന്റെ മലയാളത്തില്‍ ശുദ്ധി വരുത്താനായിരുന്നു പ്രയാസം, അവന്‍ 'ല' യ്ക്ക് പകരം '' എന്നാണു പ്രയോഗിച്ചിരുന്നത്. ചില ഉച്ചാരണ പിശകുകളെ ചൊല്ലി അവനെ ഞങ്ങള്‍ കളിയാക്കുമായിരുന്നു, പക്ഷെ അവനു ഞങ്ങള്‍ കളിയാക്കുന്നതുപോലും മനസ്സിലാവില്ലായിരുന്നു, എപ്പോഴും ചിരിച്ചു കൊണ്ടാണ് അവന്‍ ഞങ്ങളോട് ഇടപഴകുക, പക്ഷെ ചിലപ്പോഴൊക്കെ അവന്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കാണുമായിരുന്നു, ആയിടയ്ക്കാണ് ഞങ്ങള്‍ സ്വന്തമായി വീട് വാങ്ങിയത്, ഞങ്ങള്‍ ആ വീട്ടിലേക്കു താമസം മാറി - പക്ഷെ അവനെ അപ്പച്ചി അവരുടെ കൂടെ നിര്‍ത്തി, അവനെ അവിടെ നിര്‍ത്താന്‍ കാരണം അവിടെ ധാരാളം ആളുള്ളതും ഞങ്ങള്‍ സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍ അമ്മയും അവനും ഒറ്റയ്ക്കാവും എന്നതുമായിരുന്നു, ഇപ്പോള്‍ കുടുംബവീട് അവനു പരിചിതമായിക്കഴിഞ്ഞു എല്ലാവരും അവനെ വീട്ടിലെ ഒരാളെപ്പോലെ ആണ് കാണുന്നത്, അവിടെയാകുമ്പോള്‍ അവന്‍ ഒറ്റയ്ക്കാണെന്ന് ഫീല്‍ ചെയ്യില്ല ഇതൊക്കെയാണ് പറഞ്ഞത്.

ആ വീട്ടില്‍ താമസത്തിന് എത്തുന്നത്തിന്റെ തലേ ദിവസം അവിടം ക്ലീന്‍ ചെയ്യാന്‍ ഞങ്ങള്‍ എല്ലാവരും കൂടി എത്തി, അന്ന് സന്ധ്യക്ക്‌ ഞാനും ചേച്ചിയും അവനും കൂടി ഒരുമിച്ചു കൂടിയപ്പോള്‍ അവന്‍ പറഞ്ഞു അവനു ഞങ്ങളെപ്പോലെ ഒരു സഹോദരി നാട്ടിലുണ്ടെന്ന്, അവന്റെ ശരിയായ പേര് 'മഹേത്തര്‍' എന്നാണെന്നും. മഹാരാഷ്ട്രയിലാണ് അവന്റെ ഗ്രാമം എന്ന് മാത്രം അവനു അറിയാം.

അവന്റെ അച്ഛന് മദ്യ ശാപ്പായിരുന്നു, അവനു 5 വയസ്സുള്ളപ്പോള്‍ ഒരു ദിവസം അച്ഛന് ഊണ് കൊടുക്കാന്‍ പോയതായിരുന്നു, അധിക ദൂരത്തല്ലാത്തതിനാല്‍ അമ്മ അവന്റെ കയ്യില്‍ ഊണ് കൊടുത്തുവിടും, ഒരു ദിവസം ഊണ് കൊടുക്കാന്‍ പോയപ്പോള്‍ വഴിയില്‍ നാട്ടുകാരനായ ഒരു ചേട്ടനെ കണ്ടെന്നും അയാള്‍ ടൌണില്‍ സിനിമ കാണാന്‍ പോകുകയാണെന്നും പറഞ്ഞു, അവനും സിനിമ കാണാന്‍ വരട്ടെ എന്ന് പറഞ്ഞു, അയാള്‍ അവനെ ടൌണില്‍ സിനിമ കാണിക്കാന്‍ കൊണ്ടുപോയി, പക്ഷെ സിനിമ തീര്‍ന്നപ്പോള്‍ കൂട്ടം തെറ്റി അവന്‍ ഒറ്റപ്പെട്ടു, നാട്ടിലേക്ക് പോകാന്‍ അവനു വഴി അറിയില്ലായിരുന്നു, ഏതോ ബസ്സില്‍ കയറി അവന്‍ ഏതൊക്കെയോ തെരുവില്‍ അലഞ്ഞു. തെരുവ് പിള്ളേരോടൊപ്പം അവനെ  പോലീസ് പിടിച്ചു, അവനെ അനാമന്ദിര ത്തിലാക്കി, അവിടത്തെ പീഠനം സഹിക്കവയ്യാതെ അവന്‍ കൂട്ടുകാരോടൊപ്പം അവിടന്ന് ഒളിച്ചോടി, പിന്നെയും പിടിച്ചു, പിന്നെ ഒറ്റയ്ക്ക് അവസരം വന്നപ്പോള്‍ അവന്‍ വീണ്ടും ചാടി. പല പല വണ്ടി മാറിക്കയറി  അവസാനം ബാംഗ്ലൂര്‍ എത്തി, അവിടന്ന് ട്രെയിനില്‍ കയറിയപ്പോള്‍ അച്ഛനെ കണ്ടു, അച്ഛന്‍ അവനെ കൂട്ടിക്കൊണ്ടു പോന്നു. എല്ലാ ദിവസവും അവന്‍ 5 മിനിട്ടു ദൂരത്തുള്ള കുടുംബ വീട്ടില്‍ നിന്നും ഞങ്ങളുടെ വീട്ടില്‍ എത്തുമായിരുന്നു, അവധി ദിവസങ്ങളില്‍ ഒന്നെങ്കില്‍ ഞങ്ങള്‍ അവിടെക്കോ അല്ലെങ്കില്‍ അവന്‍ ഇവിടെക്കോ വരുമായിരുന്നു, ആകെ കളിയും മേളവും. അവന്റെ ഏറ്റവും വലിയ വിനോദം സൈക്കിള്‍ ചവിട്ടായിരുന്നു, നാട്ടില്‍ അന്നൊരു സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന കട ഉണ്ടായിരുന്നു, അച്ഛന്‍ അവനു പൈസ കൊടുക്കും അവന്‍ സൈക്കിള്‍ എടുത്തു ഓടിക്കും, പിന്നെ പിന്നെ അവന്‍ തനിയെ അവിടെ ചെന്ന് സൈക്കിള്‍ എടുക്കാന്‍ തുടങ്ങി, അച്ഛന്‍ പറയാതെ തന്നെ, ആ വര്ഷം അവനെ സ്കൂളില്‍ ചേര്‍ത്തു. അച്ഛന്‍ അവനു സൈക്കിള്‍ വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു, 

പക്ഷെ ആയിടയ്ക്കാണ് അച്ഛന്റെ ബിസിനസ്സ്‌ തകര്‍ന്നത്, കടക്കാരുടെ ശല്യം. അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളില്‍ പോയ അവന്‍ തിരിച്ചു വന്നില്ല, സൈക്കിള്‍ കടയില്‍ നിന്നും സൈക്കിള്‍ എടുത്ത് കൊണ്ടാണ്  പോയത്, അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. സന്ധ്യക്ക്‌ കുറച്ചു ദൂരെയുള്ള റെയില്‍വേ സ്റ്റേനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ അവനെയും കൊണ്ട് വന്നു, സ്റ്റേഷന്‍ പരിസരത്ത് സൈക്കിളുമായി ചുറ്റിക്കങ്ങുന്നത് കണ്ടു ചോദ്യം ചെയ്തപ്പോള്‍ അവന്‍ സ്കൂളിന്റെ പേര് പറഞ്ഞെന്നും, അങ്ങനെ ഇവിടെ വന്നു അന്വേഷിച്ചപ്പോള്‍ വീട് കണ്ടെത്തിയെന്നും പറഞ്ഞു. അച്ഛന് ഭയങ്കര സങ്കടമായി. 


പോലീസ് സ്റ്റേഷനിലെ പരാതി പിന്‍വലിക്കാന്‍ പോയ അച്ഛനോട് പോലീസ് ഓഫീസര്‍ ആ കുട്ടി ഇനിയും ചാടിപ്പോകുമെന്നും, അങ്ങനെ അവന്‍ പോയാല്‍ നിങ്ങള്ക്ക് പ്രശ്നമാകുമെന്നും പറഞ്ഞു, അവനെ അനാഥാലയത്തില്‍ ആക്കാനും പറഞ്ഞു. കടം കൊണ്ട് നട്ടം തിരിഞ്ഞ അവസ്ഥയില്‍ അച്ഛന്‍ അവന്റെ പേരില്‍ ഒരു പ്രശ്നം ഉണ്ടാവണ്ടെന്നു കരുതി വീടിനു അടുത്തുള്ള അനാഥാലയത്തില്‍ അവനെ ആക്കി, അവിടെ അതോടൊപ്പമുള്ള കോണ്‍വെന്റ് സ്കൂളില്‍ അവനെ ചേര്‍ക്കുകയും ചെയ്തു, എല്ലാ ആഴ്ചയും അച്ഛന്‍ അവനെ കാണാന്‍ പോകുമായിരുന്നു. 


കടം നിമിത്തം അച്ഛന് നാട് വിടേണ്ടി വന്നു, പോകുന്നതിനു മുന്‍പ് അമ്മയോട് ഇടയ്ക്ക് അവനെ കാണാന്‍ പോകണമെന്നും പറഞ്ഞിരുന്നു. അമ്മ അവനെ കാണാന്‍ പോകുകയും ചെയ്തു. ഒരിക്കല്‍ വീട്ടിലെ ഒരു പരിപാടിക്ക് അവനെ കൂട്ടിക്കൊണ്ടു വന്നു, അവിടെന്നു കോണ്‍വെന്റ്ലേക്ക് പോയ അവന്‍ അവിടെ നിന്നും  വീണ്ടും പൊയ്ക്കളഞ്ഞു. 

വിദേശത്ത് നിന്നും വരുന്ന അച്ഛന്റെ എല്ലാ എഴുത്തിലും അവനെക്കുറിച്ച് തിരക്കുമായിരുന്നു,  അഞ്ചര വര്‍ഷത്തിനു ശേഷം ആദ്യമായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛന്‍ ഞങ്ങളോട് പറഞ്ഞത്  'എന്നെങ്കിലും അവന്‍ നമ്മളെ തിരക്കി വരുമായിരിക്കും അല്ലെ' എന്നായിരുന്നു.Tuesday, 15 March 2011

അമ്മ മനസ്സ്

"അമ്മേ ഞാന്‍ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു പയ്യന്‍ എന്നോട് പറഞ്ഞതാ അവന് എന്നെ വല്യ ഇഷ്ടമാണെന്നും, എന്നെ അവന്‍ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നും- അന്ന് ഞാന്‍ സമ്മതിച്ചാല്‍ മതിയായിരുന്നല്ലേ "  അവള്‍ വിങ്ങിപ്പൊട്ടി. 

ആ അമ്മയ്ക്ക് നിസ്സഹായതയോടെ മുഖം തിരിക്കാനേ പറ്റിയുള്ളൂ. 

"ഒരു ദിവസം അമ്മ പത്രത്തില്‍ കാണും എന്‍റെയും കുഞ്ഞിന്‍റെയും ശവം ഏതെങ്കിലും ചാലില്‍ കിടക്കുന്നുവെന്ന്".  

വിധവയായ ആ അമ്മയ്ക്ക് മകളുടെ കരച്ചിലിനൊപ്പം കരയാനേ കഴിയുമായിരുന്നുള്ളൂ.  മകളെ ആശ്വസിപ്പിച്ച് അവിടെ നിന്നിറങ്ങുമ്പോള്‍ അവര്‍ക്ക് തന്‍റെ പഴയ മകളെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കാനാവുമായിരുന്നില്ല.

തന്‍റെ നാലു പെണ്‍മക്കളില്‍ ഏറ്റവും സൗന്ദര്യവും, കഴിവുമുണ്ടായിരുന്ന മകള്‍ അവളായിരുന്നു. ആ അവള്‍ ഇന്ന് ഈ അവസ്ഥയില്‍, എല്ലാത്തിനും കാരണം താന്‍ തന്നെ ആ അമ്മയുടെ മനസ്സ് സ്വയം കുറ്റപ്പെടുത്തി, ഒരിക്കലെങ്കിലും താന്‍ തന്‍റെ മകളുടെ ഇഷ്ടത്തിന് നിന്നിരുന്നെങ്കില്‍, നന്നായി പഠിക്കുമായിരുന്ന അവള്‍ക്കു ഡിഗ്രിക്ക് ശേഷം തുടര്‍ പഠനത്തിനു അനുവദിച്ചിരുന്നെങ്കില്‍ ഇന്നീ അവസ്ഥ വരില്ലായിരുന്നു, എവിടെയാണ് തനിക്കു തെറ്റിയത്, മുഴുക്കുടിയനായ ഭര്‍ത്താവു കുടിച്ചു മരിച്ചപ്പോള്‍ വീട് വിറ്റ പണവും ഉള്ള സമ്പാദ്യവുമായി മൂത്ത മകളുടേയും ഭര്‍ത്താവിന്‍റെയും അരികിലേക്ക് പോന്നതോ? അതോ മൂത്ത മകളുടെ വാക്കുകളില്‍ വീണു കുട്ടികളെ പെട്ടെന്ന് വിവാഹം കഴിപ്പിച്ചതോ എന്തായിരുന്നു തന്‍റെ തെറ്റ്? രണ്ടാമത്തെ മകളെ ഒരു നല്ല ചെറുപ്പക്കാരനെക്കൊണ്ട്  വിവാഹം കഴിപ്പിച്ചു തന്‍റെ വിശ്വാസം നേടിയെടുത്തിട്ടു മൂത്ത മകള്‍ പറഞ്ഞത് അമ്മ ഓര്‍ത്തു

"അമ്മേ ഞാന്‍ ഒരു കാര്യം പറയാം അമ്മയിപ്പോള്‍ എന്റെ വീട്ടിലല്ലേ താമസിക്കുന്നത് എനിക്കോ ചേട്ടനോ അതില്‍ ഒരു പ്രശ്നവുമില്ല, പക്ഷെ ചേട്ടന്‍റെ വീട്ടുകാര്‍ അവര്‍ അതും ഇതും പറയും, കാര്യം ഞങ്ങള്‍ ഒറ്റയ്ക്കാണ് താമസം - ആ വീട്ടില്‍ നിന്നും മകനെ ഞാന്‍ അടര്‍ത്തിയെടുത്തു എന്നാണു അവര്‍ പറയുന്നത്, അതിന്‍റെ കൂടെ നിങ്ങളുടെ ചുമതല കൂടി, അമ്മ മാത്രമാണെങ്കില്‍ പ്രശ്നമില്ല, അനിയത്തിമാരും കൂടെയുള്ളത് അവര്‍ പ്രശ്നമാക്കും, ഒരാളുടെ കല്യാണത്തിന് കണ്ടതാണല്ലോ അവരുടെ മുഖം, ചേട്ടനാണെങ്കില്‍ കട ഉണ്ടന്നെഉള്ളൂ ബിസിനസ്സ് തീരെ മോശം, ഈ അവസ്ഥയില്‍ നമുക്ക് ഇവരുടെ കല്യാണം നടത്തിയാല്‍ അമ്മയുടെയും എന്‍റെയും ബാധ്യത ഒഴിയും, അവര്‍ സെറ്റല്‍ട് ആയാല്‍ നമുക്ക് ആശ്വാസമാകും, എനിക്കൊരു കൂട്ടിനെന്നും പറഞ്ഞു അമ്മയെ ഇവിടെ നിര്‍ത്തുകയും ചെയ്യാം". 

തനിക്കു അത് സമ്മതിക്കുകയെ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ, വീട് വിറ്റ പണം മുഴുവനും താന്‍ ഈ വീട്ടിലേക്കു വന്നപ്പോള്‍ത്തന്നെ മരുമകനെ ഏല്‍പ്പിച്ചു, രണ്ടാമത്തെ മകളുടെ വിവാഹവും നടത്തി, അടുത്ത കുട്ടിയുടെ കാര്യമായപ്പോള്‍ മകള്‍ ഇല്ലായ്മയെക്കുറിച്ചു പറയാന്‍ തുടങ്ങി, അങ്ങനെ താന്‍ തന്‍റെ മക്കളുടെ പേരില്‍ നിക്ഷേപിച്ചിരുന്ന പണം മുഴുവനും നല്‍കി, അവര്‍ കൊണ്ട് വന്ന ആലോചന രണ്ടാമത്തെ കുട്ടിയുടെ പോലെ നല്ലതെന്ന് കരുതി സമ്മതിച്ചു, തന്‍റെ മകളുടെ താല്പര്യം പോലും പരിഗണിച്ചില്ല, നാലാമത്തെ മകള്‍ പ്ലസ്‌ ടുവിനു പഠിക്കുന്ന കുട്ടിയുടെ കല്യാണം അതും നടത്തി, അവള്‍ വിവാഹ ശേഷം തനിക്കു കിട്ടിയ സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞു ചേച്ചിയുമായി വഴക്കിട്ടു, 18 വയസ്സായപ്പോള്‍ ഒരു കുട്ടിയുടെ അമ്മയുമായി അവള്‍, എന്തറിയാം അവള്‍ക്കു, ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിന്നെ നിന്‍റെ വീട്ടുകാര്‍ സ്വത്തു തരാതെ പറ്റിച്ചുവെന്നു പറഞ്ഞപ്പോള്‍ അവള്‍ അത് വിശ്വസിച്ചു, യാതൊരു ബന്ധവും അവള്‍ ഇന്ന് സ്വന്തം വീടുമായി പുലര്‍ത്തുന്നില്ല, ഒരു ഫോണ്‍ കാള്‍ പോലും അമ്മ സുഖമാണോ എന്നന്ന്വേഷിച്ചു അവളുടെ പക്കല്‍ നിന്നുമില്ല, എന്തായാലും അവളെ ഭര്‍ത്താവും വീട്ടുകാരും നോക്കുന്നുണ്ടല്ലോ അത് തന്നെ ആശ്വാസം. 

രണ്ടാമത്തെ മകളുടെ ഭര്‍ത്താവു വിദേശത്ത് ജോലി - അവളെ കൂടെ കൊണ്ടുപോയി, പക്ഷെ കാലക്രമേണ ഒരു സത്യം മനസ്സിലായി ചെറുപ്പത്തിലെ ഒരു രോഗത്തിന് അടിമയായിരുന്നു അയാളെന്നു, കുട്ടികളുമില്ല, പിന്നോരാശ്വാസം ഭര്‍ത്താവിനു അവളെ നല്ല കാര്യമാണെന്നതാണ്. 

ഇപ്പോളിതാ മൂന്നാമത്തെയാള്‍- പിന്നെയും അവരുടെ മനസ്സ് അവളിലേക്ക്‌ മടങ്ങി, സുന്ദരിയായ ഭാര്യയെ സംശയ കണ്ണോടെ നോക്കുന്നയാള്‍, അവള്‍ക്കു അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ വയ്യ, വീടിനു പുറത്തിറങ്ങണമെങ്കില്‍ അയാളുടെ അനുമതി വേണം, കാര്യമായ ജോലിയൊന്നുമില്ല, വീടാണെങ്കില്‍ അര പട്ടിണിയില്‍, അടിയും ഇടിയും, എത്രയാ അവള്‍ സഹിക്കുക, കോടികളുടെ ആസ്തിയുണ്ടായിരുന്ന ഒരാളുടെ മകളാണോ ഇന്നവള്‍, ഒരു സംശയരോഗിയുടെ ഭാര്യ, അവളെങ്ങനെ സഹിക്കുന്നു ഇത്, ഒരിക്കല്‍ ചെന്നപ്പോള്‍ 100രൂപ എന്‍റെ കയ്യില്‍ തന്നവള്‍ പറഞ്ഞത്, "അമ്മേ ഇത് ഞാന്‍ ആദ്യമായി സമ്പാദിച്ച പൈസയാണ്, ഇതമ്മ വാങ്ങണം, അടുത്ത വീട്ടിലെ കുട്ടികളെ ടുഷന്‍ എടുത്തു കിട്ടിയതാ".

അന്ന് കണ്ണ് നിറഞ്ഞാണ് അവള്‍ അത് തന്നതെങ്ങിലും, ആ കണ്ണുകളിലെ അഭിമാനം ഞാന്‍ കണ്ടതാണ്. ഇന്ന് അവന്‍ പ്രശ്നമുണ്ടാക്കാന്‍ അതൊരു കാരണമായി, ടുഷന്‍ കുട്ടികളുടെ ആരുടെയെങ്കിലും അച്ഛന്‍ ഫീസ് കൊടുക്കാനോ മറ്റോ ആവഴി വന്നാല്‍ പിന്നെ അവളുടെ കഷ്ടകാലം. ഭേദ്യം സഹിക്കവയ്യാതായപ്പോള്‍ ആവും അവള്‍ എന്നെ വിളിച്ചത്, എന്‍റെ കുട്ടിക്ക് ഈ ഗതി വന്നല്ലോ ഈശ്വരാ! എല്ലാം ആലോചിച്ചപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് കയറുന്നുണ്ടായിരുന്നു അമ്മയ്ക്ക്.

Wednesday, 9 March 2011

പുളിമരം

പുതിയ വീട്ടിലേക്കു താമസം മാറിയതെ  ഉണ്ടായിരുന്നുള്ളു ഞങ്ങള്‍, വലിയ വീടും പരിസരവും കളിയ്ക്കാന്‍ ധാരാളം കൂട്ടുകാരും, പക്ഷെ രാത്രി കാലങ്ങളില്‍ വീടിന്റെ പിന്‍ ഭാഗത്തേക്ക്‌ നോക്കുവാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഭയമായിരുന്നു കാരണം രണ്ടു പുളി മരങ്ങളായിരുന്നു, ഒന്ന് പിന്‍ഭാഗത്ത് അതിരിനോട് ചേര്‍ന്ന് മൂലയ്ക്കും മറ്റൊന്ന്  മധ്യഭാഗത്തായി  അതിരിനോട് ചേര്‍ന്നും, തടിയന്‍ മരത്തില്‍ ശര്‍ക്കര പോലെ മധുരമുള്ള പുളിയും, മൂലയിലെ മെല്ലിച്ച മരത്തില്‍ പുളിയന്‍ പുളിയും, പകല്‍ ആ മരത്തില്‍ ഊഞ്ഞാലാടിയും, ഒളിച്ചു കളിയും ഉണ്ടെങ്കിലും രാത്രിയായാല്‍  വീടിനു പിന്‍ ഭാഗത്ത്‌ ഞങ്ങള്‍ നോക്കാറ്പോലുമില്ല

യഥാര്‍ത്ഥ കാരണം മറ്റൊന്നായിരുന്നു ഞങ്ങളുടെ വീട്ടിലേക്കു വരുന്ന വഴിയില്‍ ധാരാളം മരങ്ങളുള്ള ഒരു വീടുണ്ടായിരുന്നു അവിടെ ഇടവഴിയോടു ചേര്‍ന്ന് ഭീമാകാരമായ ഒരു പുളി ഉണ്ടായിരുന്നു. അമ്മ ഞങ്ങളെ ആ വീട്ടില്‍ അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം മത പഠനത്തിനു ചേര്‍ത്തു അവിടുത്തെ ഗൃഹനാഥയാണ് ടീച്ചര്‍. അവര്‍ ഞങ്ങളെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം ജിന്നുകളെയും, മാലാഖമാരേയും കുറിച്ചുള്ള കഥകള് പറഞ്ഞു തരുമായിരുന്നു, കുട്ടികളില്‍ ദൈവ ഭയമുണ്ടാക്കാനായി അവര്‍ ഭയപ്പെടുത്തുന്ന പല  കഥകളും പറഞ്ഞു തന്നു. അങ്ങനെയിരിക്കെയാണ്കൂട്ടുകാരില്‍ ആരോ പറഞ്ഞത് തെക്ക് ഭാഗത്തെ പുളിയില്‍ ജിന്നുണ്ടെന്നു. പിന്നീട് ഓരോ ദിവസവും ട്യൂഷന്‍ കഴിഞ്ഞു സന്ധ്യക്ക്‌ ആ വഴി വരാന്‍ ഞങ്ങള്‍ മടിച്ചു, മറ്റു  വഴിയില്ലാത്തതിനാള്‍  ഞങ്ങള്‍ ആ വീടെത്തുമ്പോഴേക്കും കണ്ണുമടച്ച് ഒറ്റ ഓട്ടമാണ്, അല്ലെങ്കില്‍ ആ വീടിനു മുന്നുള്ള വീടിനടുത്ത്‌ വലിയവരാരെങ്കിലും വരുന്നത് കാത്ത് നില്‍ക്കും. 


ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആ പുളിയും ആ അമ്മയും ആ ഷീറ്റിട്ട വീടുമില്ല. ഞങ്ങളുടെ ഭയത്തെ ഓര്‍ത്തു ചിരിയും വരും. അപ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വരും, കോളേജ് പഠന കാലത്ത് ലക്ചറര്‍ ക്ലാസ്സ്‌ എടുക്കുമ്പോള്‍ ഏതോ  പാഠ ഭാഗത്തായി  മതം  വിഷയമായി വന്നപ്പോള്‍ സാറ് ചോദിച്ചു കുട്ടികളെ ഒന്നില്ലെങ്കില്‍  മതമില്ല അതെന്തെന്നു  പറയാമോ, പലരും പല ഉത്തരങ്ങളും പറഞ്ഞു, ആര്‍ക്കും സാറ് ഉദ്ദേശിക്കുന്നത് എന്തെന്ന് മനസ്സിലായില്ല, അവസാനം സാര്‍ പറഞ്ഞു അന്ധവിശ്വാസം. ശരിയല്ലേ അന്ധമായ വിസ്വസമല്ലേ എല്ലാത്തിന്റെയും കാതല്‍. ഭയം പോലും വിശ്വാസത്തെ കൂട്ടുപിടിച്ചിരിക്കുന്നു.