Thursday, 24 March 2011

മഹേത്തര്‍ നിന്നെത്തേടി

അന്ന് ഒരു ശനിയാഴ്ചയായിരുന്നു ഉച്ചവരെ ക്ലാസ്സ് ഉണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞു ഞാനും ചേച്ചിയും വീട്ടിലേക്ക് മടങ്ങി. വീടിനടുത്തുള്ള ഇടവഴിയില്‍ ഓട്ടോക്കാരന്‍ ഇറക്കി. വീട്ടിലേക്ക് ഓടുമ്പോള്‍ ആരോ പിന്നില്‍നിന്നും പിടിച്ചു.
നോക്കുമ്പോള്‍ ഒരു അയല്‍വാസി ഞങ്ങളോട്‌: "നിങ്ങളിതെങ്ങോട്ടാ ഓടുന്നത്"

ഞാന്‍ പറഞ്ഞു: "അച്ഛന്‍ വന്നു കാണും വിടൂ ഞങ്ങളെ" (അച്ഛന്‍ ബിസിനസ്‌ ആവശ്യത്തിനായി ബാംഗ്ലൂര്‍ പോയിരിക്കുകയായിരുന്നു

ഉടനെ അയാള്‍ പറഞ്ഞു: "നിങ്ങള്‍ ഓടിയിട്ട് വലിയ കാര്യമില്ല. നിന്റെ അച്ഛന് വേറെ കുട്ടിയെ കിട്ടി ഇനി നിങ്ങളെ വേണ്ട"

എന്റെ ചേച്ചി ഇപ്പോള്‍ കരയും എന്ന മട്ടില്‍ നില്‍ക്കുകയാണ്. ഞാന്‍ അയാളുടെ കൈ വിടുവിച്ചു ചേച്ചിയെയും വലിച്ചുകൊണ്ട് ഓടി, ഗേറ്റിനടുത്തു ചെന്നപ്പോള്‍ കണ്ടു ഒരാള്‍ക്കൂട്ടം, ഞാന്‍ ആള്‍കൂട്ടത്തെ വകച്ചു ചേച്ചിയെയും പിടിച്ചു അകത്തേക്ക് കടന്നു, അപ്പോഴതാ അപ്പച്ചി ഒരു കറുത്ത രൂപത്തെ തേച്ച് കുളിപ്പിക്കുന്നു (അന്ന് ഞങ്ങള്‍ കൂട്ട് കുടുംബമായി അച്ഛന്റെ വീട്ടിലാണ് താമസം). കാഴ്ചയ്ക്കായി കുറെ അയല്‍ക്കാരും പിന്നെ വീട്ടിലുള്ളവരും. അകത്തേക്ക് ചെന്ന് ബാഗും പുസ്തകവും വലിച്ചെറിഞ്ഞു ഞാന്‍ അമ്മയ്ക്കരികിലേക്ക് ഓടി "അതാരാണ് അമ്മെ?" ഞാന്‍ ചോദിച്ചു.

അമ്മ: "അത് നിങ്ങളുടെ അച്ഛന് ട്രെയിനില്‍ നിന്നും കിട്ടിയ കുട്ടിആണ് "

ഞാന്‍: "ട്രെയിനില്‍ നിന്നോ എങ്ങനെ"

അമ്മ: "അച്ഛന്‍ ഉറങ്ങുകയാണ് ഉണരുമ്പോള്‍ അച്ഛന്‍ തന്നെ ആ കുട്ടിയെ കിട്ടിയ കാര്യം പറഞ്ഞുതരും"

അമ്മയുടെ മറുപടിയില്‍ തൃപ്തരാകാതെ ഞങ്ങള്‍ ഉമ്മറത്തേക്ക് നടന്നു, അവിടെ കുളിപ്പിക്കല്‍ അവസാനിച്ചു കഴിഞ്ഞു, തല തുവര്‍ത്തുകയാണ് അവന്റെ  മുഖം കാണാന്‍ ഞങ്ങള്‍ എത്തി നോക്കി. തല തുടച്ചശേഷം അപ്പച്ചി കസിന്‍ ചേട്ടന്റെ ഡ്രസ്സ്‌ ധരിപ്പിച്ചു. തിരക്കില്‍ അവന്റെ  മുഖം കാണാന്‍ പറ്റുന്നില്ലായിരുന്നു.

അപ്പച്ചി അവനെ ഉമ്മറത്തേക്ക് കയറ്റി, അപ്പോഴാണ്‌ ശരിക്കും ഞങ്ങള്‍ അവനെ കണ്ടത്, എന്‍റെ അതേ പ്രായമാണ് അവനെന്നു മനസ്സിലാക്കാന്‍ സഹായിച്ചത് അവന്‍റെ മുന്‍വശത്തെ പല്ലില്ലാത്ത വിടവായിരുന്നു, ചെമ്പിച്ച തലമുടി, ഇരുനിറം പതിഞ്ഞ മുഖം (ഇന്ന് കേരളത്തില്‍ കെട്ടിടം പണിക്കു വരുന്നവരെ കാണുമ്പോള്‍ അവന്റെ  ആ നോര്‍ത്ത് ഇന്ത്യന്‍  മുഖച്ചായയെക്കുറിച്ച് ഓര്‍ക്കാറുണ്ട്‌ ഞാന്‍). ചേട്ടന്റെ ഡ്രസ്സ്‌ അവനു അല്പം വലുതായിരുന്നു. അപ്പച്ചി അവനു ഭക്ഷണം കൊടുത്തു. ശേഷം ഉറങ്ങാന്‍ പറഞ്ഞു അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി, എല്ലാം ആംഗ്യ ഭാഷയിലാണ് അവനോടു പറഞ്ഞത്, കാരണം അവനു മലയാളം അറിയില്ലല്ലോ, കുറേ നേരം ആ കുട്ടിയെ നോക്കിക്കൊണ്ട്‌ ഇരുന്ന ശേഷം ഞാന്‍ അച്ഛന്‍ ഉറങ്ങുന്ന മുറിയിലേക്ക് ചെന്നു. അച്ഛന്‍ നല്ല ഉറക്കത്തിലാണ്, മൂന്നു വയസ്സുകാരി അനിയത്തിയും ഒപ്പം ഉറങ്ങുന്നുണ്ട്, ഞാനും ചേച്ചിയും പരസ്പരം നോക്കി - അച്ഛന്‍ എപ്പോഴാണ് ഉണരുക എന്നുള്ള മട്ടില്‍. 

വൈകിട്ട് അച്ഛന്‍ ഉണര്‍ന്നപ്പോള്‍ ഞങ്ങള്‍ അച്ഛന്റെ അരികില്‍ ചെന്നു - അച്ഛന്‍ ഞങ്ങള്‍ക്ക് ബംഗ്ലൂരില്‍ നിന്നും കൊണ്ടുവന്ന സാധനങ്ങള്‍ തന്നു. ശേഷം ഞങ്ങളോട് ചോദിച്ചു "നിങ്ങള്‍ ആ കുട്ടിയെ കണ്ടോ" 

ഞങ്ങള്‍ കോസ്സ് ആയി: "കണ്ടു അതാരാ അച്ഛാ"

അച്ഛന്‍: "അത് അച്ഛന് ട്രെയിനില്‍ നിന്നും കിട്ടിയ കുട്ടിയാണ്"


ഞാന്‍: "എങ്ങനെ"

അച്ഛന്‍: "അതോ, അച്ഛന്‍ ബംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറി - ട്രെയിന്‍ കുറെ ദൂരം ഓടി കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി സീറ്റിനടിയില്‍ എന്തോ അനങ്ങുന്നെന്ന് താഴേക്കു നോക്കിയപ്പോള്‍ ബാഗ് വെച്ചിരിക്കുന്നതിന്റെ മറവില്‍ ഈ കുട്ടി ഒളിച്ചിരിക്കുന്നു - ഞാന്‍ അവനോടു പുറത്തു വരാന്‍ പറഞ്ഞു, ജന്മം ചെയ്‌താല്‍ അവന്‍ വരില്ല, ടി ടി ആര്‍ വന്നാല്‍ ടിക്കറ്റ്‌ എടുക്കാതെ യാത്ര ചെയ്തതിനു അവനെ പിടിക്കും ആ പേടിയാണ് കക്ഷിക്ക്, ഞാന്‍ അവനു ബിസ്കറ്റ് നീട്ടി, അപ്പോള്‍ അവന്‍ പുറത്തേക്കു വന്നു, ചുറ്റും പരതി നോക്കുന്നുണ്ടായിരുന്നു, ടി ടി ആര്‍വന്നാല്‍ ടിക്കറ്റ്‌ ഞാന്‍ എടുത്തോളാമെന്നു പറഞ്ഞു, അവനു മനസ്സിലായില്ല, പല ഭാഷകളും ഞാന്‍ പറഞ്ഞു അവനു ഒന്നും അറിയില്ല,  ഹിന്ദി പറഞ്ഞപ്പോള്‍ അത് കുറച്ചറിയാം വീടും നാടുമില്ലെന്നും തെരുവിലാണ് കഴിയുന്നതെന്നും ഭക്ഷണം കഴിച്ചിട്ട് 3ദിവസമായി എന്നും പറഞ്ഞു. ഞാന്‍ ചോദിച്ചു നീ എന്റെ കൂടെ വരുന്നോ എന്ന്, അവന്‍ സമ്മതിച്ചു അങ്ങനെ കൂട്ടിക്കൊണ്ടു പോന്നതാണ്" അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

ചേച്ചി ചോദിച്ചു: "അപ്പോള്‍ ആ കുട്ടി ഇനി നമ്മുടെ കൂടെയാണോ താമസിക്കുക?"

അച്ഛന്‍: "അതെ അവന്‍ ഇനി നമ്മുടെ കൂടെ താമസിക്കും, നിങ്ങളുടെ ആങ്ങളയാ അവന്‍, അങ്ങനെ കരുതണം അവനു ആരും ഇല്ലാത്തതല്ലേ, നിങ്ങള്‍ അവന്റെ കൂടെ കളിക്കണം, അവനെ നമുക്ക് സ്കൂളിലും ചേര്‍ക്കണം"

ഞാന്‍: "അതിനു ആ കൊച്ചിന് മലയാളം അറിയില്ലല്ലോ പിന്നെന്ത് ചെയ്യും"

അച്ഛന്‍: "നമുക്ക് പഠിപ്പിക്കാം - നിങ്ങള്‍ അവനുമായി വര്‍ത്തമാനം പറയണം അപ്പോള്‍ അവന്‍ പഠിച്ചോളും"

അച്ഛന്‍ അവനു ഒരു പേരിട്ടു, ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ നാട്ടില്‍ വലിയ വാര്‍ത്തയായിരുന്നു അവന്‍, അവനെ കാണാന്‍ ധാരാളം പേര്‍ വരുകയും ചെയ്തു, ബന്ധുക്കള്‍ വരുമ്പോള്‍ പലരും അച്ഛനെ കുറ്റപ്പെടുത്തുന്നത് കേട്ടു, ഇവനിതെന്തിന്റെ  കേടാ എന്നൊക്കെ, ഞങ്ങളുടെ ടൂഷന്‍ ക്ലാസ്സില്‍ ഞങ്ങളോട്  എല്ലാവര്ക്കും ഇതേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. പിന്നെപ്പിന്നെ നാട്ടില്‍ അവന്‍ എല്ലാവര്ക്കും പരിചിതനായി, എപ്പോഴോ  അവന്‍ ഞങ്ങളുടെയും കൂട്ടുകാരനായി, അറിയില്ല ഒരു സഹോദരനായി അവനെ ഞങ്ങള്‍ കണ്ടിരുന്നോ എന്ന്, അവന്‍ ഞങ്ങള്‍ക്കൊരു കളിക്കൂട്ടുകാരനായിരുന്നു, പതിയെ അവന്‍ മലയാളം പഠിച്ചു. പക്ഷെ അവന്റെ മലയാളത്തില്‍ ശുദ്ധി വരുത്താനായിരുന്നു പ്രയാസം, അവന്‍ 'ല' യ്ക്ക് പകരം '' എന്നാണു പ്രയോഗിച്ചിരുന്നത്. ചില ഉച്ചാരണ പിശകുകളെ ചൊല്ലി അവനെ ഞങ്ങള്‍ കളിയാക്കുമായിരുന്നു, പക്ഷെ അവനു ഞങ്ങള്‍ കളിയാക്കുന്നതുപോലും മനസ്സിലാവില്ലായിരുന്നു, എപ്പോഴും ചിരിച്ചു കൊണ്ടാണ് അവന്‍ ഞങ്ങളോട് ഇടപഴകുക, പക്ഷെ ചിലപ്പോഴൊക്കെ അവന്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കാണുമായിരുന്നു, ആയിടയ്ക്കാണ് ഞങ്ങള്‍ സ്വന്തമായി വീട് വാങ്ങിയത്, ഞങ്ങള്‍ ആ വീട്ടിലേക്കു താമസം മാറി - പക്ഷെ അവനെ അപ്പച്ചി അവരുടെ കൂടെ നിര്‍ത്തി, അവനെ അവിടെ നിര്‍ത്താന്‍ കാരണം അവിടെ ധാരാളം ആളുള്ളതും ഞങ്ങള്‍ സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍ അമ്മയും അവനും ഒറ്റയ്ക്കാവും എന്നതുമായിരുന്നു, ഇപ്പോള്‍ കുടുംബവീട് അവനു പരിചിതമായിക്കഴിഞ്ഞു എല്ലാവരും അവനെ വീട്ടിലെ ഒരാളെപ്പോലെ ആണ് കാണുന്നത്, അവിടെയാകുമ്പോള്‍ അവന്‍ ഒറ്റയ്ക്കാണെന്ന് ഫീല്‍ ചെയ്യില്ല ഇതൊക്കെയാണ് പറഞ്ഞത്.

ആ വീട്ടില്‍ താമസത്തിന് എത്തുന്നത്തിന്റെ തലേ ദിവസം അവിടം ക്ലീന്‍ ചെയ്യാന്‍ ഞങ്ങള്‍ എല്ലാവരും കൂടി എത്തി, അന്ന് സന്ധ്യക്ക്‌ ഞാനും ചേച്ചിയും അവനും കൂടി ഒരുമിച്ചു കൂടിയപ്പോള്‍ അവന്‍ പറഞ്ഞു അവനു ഞങ്ങളെപ്പോലെ ഒരു സഹോദരി നാട്ടിലുണ്ടെന്ന്, അവന്റെ ശരിയായ പേര് 'മഹേത്തര്‍' എന്നാണെന്നും. മഹാരാഷ്ട്രയിലാണ് അവന്റെ ഗ്രാമം എന്ന് മാത്രം അവനു അറിയാം.

അവന്റെ അച്ഛന് മദ്യ ശാപ്പായിരുന്നു, അവനു 5 വയസ്സുള്ളപ്പോള്‍ ഒരു ദിവസം അച്ഛന് ഊണ് കൊടുക്കാന്‍ പോയതായിരുന്നു, അധിക ദൂരത്തല്ലാത്തതിനാല്‍ അമ്മ അവന്റെ കയ്യില്‍ ഊണ് കൊടുത്തുവിടും, ഒരു ദിവസം ഊണ് കൊടുക്കാന്‍ പോയപ്പോള്‍ വഴിയില്‍ നാട്ടുകാരനായ ഒരു ചേട്ടനെ കണ്ടെന്നും അയാള്‍ ടൌണില്‍ സിനിമ കാണാന്‍ പോകുകയാണെന്നും പറഞ്ഞു, അവനും സിനിമ കാണാന്‍ വരട്ടെ എന്ന് പറഞ്ഞു, അയാള്‍ അവനെ ടൌണില്‍ സിനിമ കാണിക്കാന്‍ കൊണ്ടുപോയി, പക്ഷെ സിനിമ തീര്‍ന്നപ്പോള്‍ കൂട്ടം തെറ്റി അവന്‍ ഒറ്റപ്പെട്ടു, നാട്ടിലേക്ക് പോകാന്‍ അവനു വഴി അറിയില്ലായിരുന്നു, ഏതോ ബസ്സില്‍ കയറി അവന്‍ ഏതൊക്കെയോ തെരുവില്‍ അലഞ്ഞു. തെരുവ് പിള്ളേരോടൊപ്പം അവനെ  പോലീസ് പിടിച്ചു, അവനെ അനാമന്ദിര ത്തിലാക്കി, അവിടത്തെ പീഠനം സഹിക്കവയ്യാതെ അവന്‍ കൂട്ടുകാരോടൊപ്പം അവിടന്ന് ഒളിച്ചോടി, പിന്നെയും പിടിച്ചു, പിന്നെ ഒറ്റയ്ക്ക് അവസരം വന്നപ്പോള്‍ അവന്‍ വീണ്ടും ചാടി. പല പല വണ്ടി മാറിക്കയറി  അവസാനം ബാംഗ്ലൂര്‍ എത്തി, അവിടന്ന് ട്രെയിനില്‍ കയറിയപ്പോള്‍ അച്ഛനെ കണ്ടു, അച്ഛന്‍ അവനെ കൂട്ടിക്കൊണ്ടു പോന്നു. എല്ലാ ദിവസവും അവന്‍ 5 മിനിട്ടു ദൂരത്തുള്ള കുടുംബ വീട്ടില്‍ നിന്നും ഞങ്ങളുടെ വീട്ടില്‍ എത്തുമായിരുന്നു, അവധി ദിവസങ്ങളില്‍ ഒന്നെങ്കില്‍ ഞങ്ങള്‍ അവിടെക്കോ അല്ലെങ്കില്‍ അവന്‍ ഇവിടെക്കോ വരുമായിരുന്നു, ആകെ കളിയും മേളവും. അവന്റെ ഏറ്റവും വലിയ വിനോദം സൈക്കിള്‍ ചവിട്ടായിരുന്നു, നാട്ടില്‍ അന്നൊരു സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന കട ഉണ്ടായിരുന്നു, അച്ഛന്‍ അവനു പൈസ കൊടുക്കും അവന്‍ സൈക്കിള്‍ എടുത്തു ഓടിക്കും, പിന്നെ പിന്നെ അവന്‍ തനിയെ അവിടെ ചെന്ന് സൈക്കിള്‍ എടുക്കാന്‍ തുടങ്ങി, അച്ഛന്‍ പറയാതെ തന്നെ, ആ വര്ഷം അവനെ സ്കൂളില്‍ ചേര്‍ത്തു. അച്ഛന്‍ അവനു സൈക്കിള്‍ വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു, 

പക്ഷെ ആയിടയ്ക്കാണ് അച്ഛന്റെ ബിസിനസ്സ്‌ തകര്‍ന്നത്, കടക്കാരുടെ ശല്യം. അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളില്‍ പോയ അവന്‍ തിരിച്ചു വന്നില്ല, സൈക്കിള്‍ കടയില്‍ നിന്നും സൈക്കിള്‍ എടുത്ത് കൊണ്ടാണ്  പോയത്, അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. സന്ധ്യക്ക്‌ കുറച്ചു ദൂരെയുള്ള റെയില്‍വേ സ്റ്റേനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ അവനെയും കൊണ്ട് വന്നു, സ്റ്റേഷന്‍ പരിസരത്ത് സൈക്കിളുമായി ചുറ്റിക്കങ്ങുന്നത് കണ്ടു ചോദ്യം ചെയ്തപ്പോള്‍ അവന്‍ സ്കൂളിന്റെ പേര് പറഞ്ഞെന്നും, അങ്ങനെ ഇവിടെ വന്നു അന്വേഷിച്ചപ്പോള്‍ വീട് കണ്ടെത്തിയെന്നും പറഞ്ഞു. അച്ഛന് ഭയങ്കര സങ്കടമായി. 


പോലീസ് സ്റ്റേഷനിലെ പരാതി പിന്‍വലിക്കാന്‍ പോയ അച്ഛനോട് പോലീസ് ഓഫീസര്‍ ആ കുട്ടി ഇനിയും ചാടിപ്പോകുമെന്നും, അങ്ങനെ അവന്‍ പോയാല്‍ നിങ്ങള്ക്ക് പ്രശ്നമാകുമെന്നും പറഞ്ഞു, അവനെ അനാഥാലയത്തില്‍ ആക്കാനും പറഞ്ഞു. കടം കൊണ്ട് നട്ടം തിരിഞ്ഞ അവസ്ഥയില്‍ അച്ഛന്‍ അവന്റെ പേരില്‍ ഒരു പ്രശ്നം ഉണ്ടാവണ്ടെന്നു കരുതി വീടിനു അടുത്തുള്ള അനാഥാലയത്തില്‍ അവനെ ആക്കി, അവിടെ അതോടൊപ്പമുള്ള കോണ്‍വെന്റ് സ്കൂളില്‍ അവനെ ചേര്‍ക്കുകയും ചെയ്തു, എല്ലാ ആഴ്ചയും അച്ഛന്‍ അവനെ കാണാന്‍ പോകുമായിരുന്നു. 


കടം നിമിത്തം അച്ഛന് നാട് വിടേണ്ടി വന്നു, പോകുന്നതിനു മുന്‍പ് അമ്മയോട് ഇടയ്ക്ക് അവനെ കാണാന്‍ പോകണമെന്നും പറഞ്ഞിരുന്നു. അമ്മ അവനെ കാണാന്‍ പോകുകയും ചെയ്തു. ഒരിക്കല്‍ വീട്ടിലെ ഒരു പരിപാടിക്ക് അവനെ കൂട്ടിക്കൊണ്ടു വന്നു, അവിടെന്നു കോണ്‍വെന്റ്ലേക്ക് പോയ അവന്‍ അവിടെ നിന്നും  വീണ്ടും പൊയ്ക്കളഞ്ഞു. 

വിദേശത്ത് നിന്നും വരുന്ന അച്ഛന്റെ എല്ലാ എഴുത്തിലും അവനെക്കുറിച്ച് തിരക്കുമായിരുന്നു,  അഞ്ചര വര്‍ഷത്തിനു ശേഷം ആദ്യമായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛന്‍ ഞങ്ങളോട് പറഞ്ഞത്  'എന്നെങ്കിലും അവന്‍ നമ്മളെ തിരക്കി വരുമായിരിക്കും അല്ലെ' എന്നായിരുന്നു.11 comments:

ഫസലുൽ Fotoshopi said...

nice

Aarzoo said...

നന്ദി ഫസലൂ

ശ്രീ said...

യഥാര്‍ത്ഥ ജീവിതത്തിലും ഇത്രയൊക്കെ മനുഷ്യത്വം കാണിയ്ക്കുന്ന അപൂര്‍വ്വം ചിലരെങ്കിലുമുണ്ടെന്നറിയുന്നത് സന്തോഷകരം തന്നെ, അച്ഛന് ഒരു സല്യൂട്ട്!

Aarzoo said...

നന്ദി

ഷമീര്‍ തളിക്കുളം said...

ആ നല്ല മനസ്സിനുമുന്നില്‍ നമിച്ചുപോകുന്നു...

Aarzoo said...

നന്ദി ഷമീര്‍

Jenith Kachappilly said...

Nice post... really touching...

regards
http://jenithakavisheshangal.blogspot.com/

Aarzoo said...

നന്ദി ജെനിത്ത്

വര്‍ഷിണി said...

അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നത് ഒരാശ്വാസമാണ്‍ അല്ലേ....അച്ഛനെ ആശ്വാസിപ്പിയ്ക്കൂ.

Aarzoo said...

തീര്‍ച്ചയായും, നന്ദി വര്‍ഷിണി

ഏപ്രില്‍ ലില്ലി. said...

കൊള്ളാം..ഇഷ്ടപ്പെട്ടു.. ആശംസകള്‍