Thursday, 18 October 2012

ചില ശല്യപ്പെടുത്തലുകള്‍

നല്ല തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യവേ പെട്ടെന്നാണ് ശീതളിന് ആരോ തന്റെ ശരീരത്തില്‍ ഉരസുന്നതായി തോന്നിയത്, പതിയെ പതിയെ ഉറുമ്പരിക്കുന്ന ഒരു അനുഭവം അവള്‍ക്കുണ്ടായി, തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നും അറിയാത്ത ഭാവത്തില്‍ ഒരു വിരുതന്‍, അവന്റെ ഒരു കൈ താഴേക്ക്‌ പതിയെ തൂക്കിയിട്ടാണ് നില്‍പ്പ്. അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോള്‍ അവള്‍ പതിയെ മുന്നിലേക്ക്‌ കയറി നില്ക്കാന്‍ ശ്രമിച്ചു എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ അവള്‍ ഉള്ളിലേക്ക് തള്ളപ്പെടുകയാനുണ്ടായത്‌. തിരക്ക് കൂടുന്തോറും അവന്റെ കൈകള്‍ അവളുടെ ശരീരത്തില്‍ അരിച്ചിറങ്ങാന്‍ തുടങ്ങി. തുടര്‍ന്നുവന്ന പ്രധാന സ്റ്റോപ്പില്‍ കുറേ ആളുകള്‍ ഇറങ്ങിയതോടെ ബസ്സില്‍ ശ്വാസം കഴിക്കാമെന്ന അവസ്ഥയായി. എന്നിട്ടും ആ മനുഷ്യന്‍ അവളോട്‌ ചാരി ഒന്നുമറിയാത്ത ഭാവത്തില്‍ നില്‍ക്കുകയായിരുന്നു. 

ബസ്സ്‌ യാത്ര തുടരുമ്പോള്‍ നില്‍ക്കുന്നവരും ഇരിക്കുന്നവരുമായ യാത്രക്കാര്‍  പുറം കാഴ്ചകളിലേക്ക് തിരിയുമെന്നും അപ്പോള്‍ അയാള്‍ തന്റെ കൈക്രിയകള്‍ വീണ്ടും ആരംഭിക്കുമെന്നും മനസ്സിലാക്കിയ ശീതള്‍ ശബ്ദം താഴ്ത്തി അയാളോട് അല്‍പ്പം മാറി നില്ക്കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ അയാള്‍ അത് ശ്രദ്ധിക്കാതെ നില്‍പ്പ് തുടരുകയാണുണ്ടായത്.  ബസ്സിലേക്ക് അപ്പോള്‍ കയറിയ ഒരു പെണ്‍കുട്ടിയെ ശ്രദ്ധിച്ചുകൊണ്ടായിരുന്നു അവന്റെ നില്‍പ്പ്. ആ പെണ്‍കുട്ടി ശീതളിന്റെ വലതു ഭാഗത്തായി നില്‍പ്പുറപ്പിച്ചു, യാത്ര തുടരവേ അയാള്‍ ഇരു  സ്ത്രീകളുടേയും  പുറകില്‍ മദ്ധ്യത്തിലായി  ഒരു പ്രത്യേക മെയ്‌ വഴക്കത്തോടെ രണ്ടു കൈയും താഴേക്കു തൂക്കി നില്‍ക്കുവാന്‍ തുടങ്ങി. പിന്നെ പതിയെ അവന്റെ രണ്ടു കൈകളും പ്രവര്‍ത്തിച്ചു തുടങ്ങി. ശീതള്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക്  നോക്കി,  അല്‍പ്പാല്‍പ്പമായി അവിടെ അസ്വസ്ഥത പടരുന്നത്‌ അവള്‍ കണ്ടു. അതോടെ ശീതള്‍ പിന്തിരിഞ്ഞു ഉച്ചത്തില്‍ അയാളോട് നീങ്ങി നില്ക്കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍  തന്നോടല്ല മറ്റാരോടോ ആണെന്ന  ഭാവമാണ് അയാളുടെ മുഖത്ത്. യാത്രക്കാര്‍ ഇതെത്ര കണ്ടിരിക്കുന്നുവെന്ന മട്ടില്‍ അവരെ നോക്കിയ ശേഷം അവരവരുടെ കാഴ്ചകളിലേക്ക് മടങ്ങി. 

വീണ്ടും അയാള്‍ ശല്യം ചെയ്യല്‍ തുടരവേ അവളില്‍ ഒരു പ്രത്യേക ധൈര്യം നിറയുകയാണുണ്ടായത്, പിന്തിരിഞ്ഞു അവള്‍ തന്റെ കൈകള്‍ അയാള്‍ക്ക് നേരെ  ആഞ്ഞു വീശി. എല്ലാ ശക്തിയും അയാള്‍ക്ക്‌ നേരെ പ്രയോഗിക്കുമ്പോള്‍ അവളുടെ  മനസ്സില്‍ മറ്റു പല കാര്യങ്ങളും ഓടിയെത്തി.  പത്തു വയസ്സുള്ളപ്പോള്‍  വളര്‍ച്ചയെത്താത്ത  ഹൃദയ ഭാഗത്തേക്ക്‌ നീണ്ടു വന്ന കൈകളെ ഉറക്കെ അലറിക്കൊണ്ട്‌ തട്ടിയെറിഞ്ഞോടിയതും, ടൂഷന്‍ ക്ലാസ്സിന്റെ ഇട നാഴിയില്‍ പുറകില്‍ നിന്നും  പിടിച്ച കൈകളെ തട്ടിക്കളഞ്ഞതും, തീയേറ്ററില്‍ അരിച്ചുവന്ന കൈകളെ തടുക്കാനാവാതെ ഇരുന്നതും, തുടങ്ങി തന്റെ ബാല്യ കൌമാര സ്വപ്നങ്ങളെ ഭീതിദമാക്കിയ എല്ലാ കൈകളോടുമുള്ള വെറുപ്പ്‌ അന്നേരം ഊര്‍ജ്ജമായി അവളുടെ കൈകളിലേക്ക് പ്രവഹിക്കുകയായിരുന്നു. "ഇതെന്റെ ശരീരമാണ് ഇതില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല, എനിക്കും സ്വാതന്ദ്ര്യത്തോടെ നടക്കണം, ഇനിയിത് വയ്യ" എന്നൊക്കെ അയാളെ പ്രഹരിക്കുമ്പോള്‍ അവള്‍ പുലമ്പുന്നുണ്ടായിരുന്നു. അപ്പോഴേക്കും  അവള്‍ക്കു  ശക്തി പകരാനെന്നപോലെ ആ പെണ്‍കുട്ടിയുടെയും മറ്റു ചിലരുടെയും കൈകള്‍  അയാള്‍ക്ക് നേരെ ഉയര്‍ന്നു തുടങ്ങിയിരുന്നു. 

9 comments:

മോഹന്‍ കരയത്ത് said...

ഇങ്ങനെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ അപ്പോള്‍ത്തന്നെ ശക്തമായി പ്രതികരിക്കുകതന്നെ വേണം.പലര്‍ക്കും ഒരു പ്രചോദനമാകട്ടെ ഈ പോസ്റ്റ്‌!!
ആശംസകള്‍!!!

ശിഖണ്ഡി said...

പ്രതികരിക്കു....സ്വാതന്ത്ര ത്തില്‍ കൈവെച്ചാല്‍ തിരിച്ചും കൈ വെക്കും

ajith said...

"ഇതെന്റെ ശരീരമാണ് ഇതില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല, എനിക്കും സ്വാതന്ദ്ര്യത്തോടെ നടക്കണം, ഇനിയിത് വയ്യ"

ഗ്രേറ്റ്

ഒരു യാത്രികന്‍ said...

സംഭവ വിവരണമോ കഥയോ?കഥയെങ്കില്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. ആശംസകള്‍ .......സസ്നേഹം

Sureshkumar Punjhayil said...

Anubhavangaliloode...!

Manoharam, Ashamsakal...!!

sumesh vasu said...

അല്ല പിന്നെ...

കണ്ണന്‍ | Kannan said...

ഹോ... :(

Sarath Prasad said...

പ്രതികരണശേഷി പൂർണമായും നശിച്ചിട്ടില്ല എന്നറിഞ്ഞതിൽ സന്തോഷം ..

സുധി അറയ്ക്കൽ said...

പ്രതികരിക്കണം..