Tuesday 15 March 2011

അമ്മ മനസ്സ്

"അമ്മേ ഞാന്‍ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു പയ്യന്‍ എന്നോട് പറഞ്ഞതാ അവന് എന്നെ വല്യ ഇഷ്ടമാണെന്നും, എന്നെ അവന്‍ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നും- അന്ന് ഞാന്‍ സമ്മതിച്ചാല്‍ മതിയായിരുന്നല്ലേ "  അവള്‍ വിങ്ങിപ്പൊട്ടി. 

ആ അമ്മയ്ക്ക് നിസ്സഹായതയോടെ മുഖം തിരിക്കാനേ പറ്റിയുള്ളൂ. 

"ഒരു ദിവസം അമ്മ പത്രത്തില്‍ കാണും എന്‍റെയും കുഞ്ഞിന്‍റെയും ശവം ഏതെങ്കിലും ചാലില്‍ കിടക്കുന്നുവെന്ന്".  

വിധവയായ ആ അമ്മയ്ക്ക് മകളുടെ കരച്ചിലിനൊപ്പം കരയാനേ കഴിയുമായിരുന്നുള്ളൂ.  മകളെ ആശ്വസിപ്പിച്ച് അവിടെ നിന്നിറങ്ങുമ്പോള്‍ അവര്‍ക്ക് തന്‍റെ പഴയ മകളെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കാനാവുമായിരുന്നില്ല.

തന്‍റെ നാലു പെണ്‍മക്കളില്‍ ഏറ്റവും സൗന്ദര്യവും, കഴിവുമുണ്ടായിരുന്ന മകള്‍ അവളായിരുന്നു. ആ അവള്‍ ഇന്ന് ഈ അവസ്ഥയില്‍, എല്ലാത്തിനും കാരണം താന്‍ തന്നെ ആ അമ്മയുടെ മനസ്സ് സ്വയം കുറ്റപ്പെടുത്തി, ഒരിക്കലെങ്കിലും താന്‍ തന്‍റെ മകളുടെ ഇഷ്ടത്തിന് നിന്നിരുന്നെങ്കില്‍, നന്നായി പഠിക്കുമായിരുന്ന അവള്‍ക്കു ഡിഗ്രിക്ക് ശേഷം തുടര്‍ പഠനത്തിനു അനുവദിച്ചിരുന്നെങ്കില്‍ ഇന്നീ അവസ്ഥ വരില്ലായിരുന്നു, എവിടെയാണ് തനിക്കു തെറ്റിയത്, മുഴുക്കുടിയനായ ഭര്‍ത്താവു കുടിച്ചു മരിച്ചപ്പോള്‍ വീട് വിറ്റ പണവും ഉള്ള സമ്പാദ്യവുമായി മൂത്ത മകളുടേയും ഭര്‍ത്താവിന്‍റെയും അരികിലേക്ക് പോന്നതോ? അതോ മൂത്ത മകളുടെ വാക്കുകളില്‍ വീണു കുട്ടികളെ പെട്ടെന്ന് വിവാഹം കഴിപ്പിച്ചതോ എന്തായിരുന്നു തന്‍റെ തെറ്റ്? രണ്ടാമത്തെ മകളെ ഒരു നല്ല ചെറുപ്പക്കാരനെക്കൊണ്ട്  വിവാഹം കഴിപ്പിച്ചു തന്‍റെ വിശ്വാസം നേടിയെടുത്തിട്ടു മൂത്ത മകള്‍ പറഞ്ഞത് അമ്മ ഓര്‍ത്തു

"അമ്മേ ഞാന്‍ ഒരു കാര്യം പറയാം അമ്മയിപ്പോള്‍ എന്റെ വീട്ടിലല്ലേ താമസിക്കുന്നത് എനിക്കോ ചേട്ടനോ അതില്‍ ഒരു പ്രശ്നവുമില്ല, പക്ഷെ ചേട്ടന്‍റെ വീട്ടുകാര്‍ അവര്‍ അതും ഇതും പറയും, കാര്യം ഞങ്ങള്‍ ഒറ്റയ്ക്കാണ് താമസം - ആ വീട്ടില്‍ നിന്നും മകനെ ഞാന്‍ അടര്‍ത്തിയെടുത്തു എന്നാണു അവര്‍ പറയുന്നത്, അതിന്‍റെ കൂടെ നിങ്ങളുടെ ചുമതല കൂടി, അമ്മ മാത്രമാണെങ്കില്‍ പ്രശ്നമില്ല, അനിയത്തിമാരും കൂടെയുള്ളത് അവര്‍ പ്രശ്നമാക്കും, ഒരാളുടെ കല്യാണത്തിന് കണ്ടതാണല്ലോ അവരുടെ മുഖം, ചേട്ടനാണെങ്കില്‍ കട ഉണ്ടന്നെഉള്ളൂ ബിസിനസ്സ് തീരെ മോശം, ഈ അവസ്ഥയില്‍ നമുക്ക് ഇവരുടെ കല്യാണം നടത്തിയാല്‍ അമ്മയുടെയും എന്‍റെയും ബാധ്യത ഒഴിയും, അവര്‍ സെറ്റല്‍ട് ആയാല്‍ നമുക്ക് ആശ്വാസമാകും, എനിക്കൊരു കൂട്ടിനെന്നും പറഞ്ഞു അമ്മയെ ഇവിടെ നിര്‍ത്തുകയും ചെയ്യാം". 

തനിക്കു അത് സമ്മതിക്കുകയെ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ, വീട് വിറ്റ പണം മുഴുവനും താന്‍ ഈ വീട്ടിലേക്കു വന്നപ്പോള്‍ത്തന്നെ മരുമകനെ ഏല്‍പ്പിച്ചു, രണ്ടാമത്തെ മകളുടെ വിവാഹവും നടത്തി, അടുത്ത കുട്ടിയുടെ കാര്യമായപ്പോള്‍ മകള്‍ ഇല്ലായ്മയെക്കുറിച്ചു പറയാന്‍ തുടങ്ങി, അങ്ങനെ താന്‍ തന്‍റെ മക്കളുടെ പേരില്‍ നിക്ഷേപിച്ചിരുന്ന പണം മുഴുവനും നല്‍കി, അവര്‍ കൊണ്ട് വന്ന ആലോചന രണ്ടാമത്തെ കുട്ടിയുടെ പോലെ നല്ലതെന്ന് കരുതി സമ്മതിച്ചു, തന്‍റെ മകളുടെ താല്പര്യം പോലും പരിഗണിച്ചില്ല, നാലാമത്തെ മകള്‍ പ്ലസ്‌ ടുവിനു പഠിക്കുന്ന കുട്ടിയുടെ കല്യാണം അതും നടത്തി, അവള്‍ വിവാഹ ശേഷം തനിക്കു കിട്ടിയ സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞു ചേച്ചിയുമായി വഴക്കിട്ടു, 18 വയസ്സായപ്പോള്‍ ഒരു കുട്ടിയുടെ അമ്മയുമായി അവള്‍, എന്തറിയാം അവള്‍ക്കു, ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിന്നെ നിന്‍റെ വീട്ടുകാര്‍ സ്വത്തു തരാതെ പറ്റിച്ചുവെന്നു പറഞ്ഞപ്പോള്‍ അവള്‍ അത് വിശ്വസിച്ചു, യാതൊരു ബന്ധവും അവള്‍ ഇന്ന് സ്വന്തം വീടുമായി പുലര്‍ത്തുന്നില്ല, ഒരു ഫോണ്‍ കാള്‍ പോലും അമ്മ സുഖമാണോ എന്നന്ന്വേഷിച്ചു അവളുടെ പക്കല്‍ നിന്നുമില്ല, എന്തായാലും അവളെ ഭര്‍ത്താവും വീട്ടുകാരും നോക്കുന്നുണ്ടല്ലോ അത് തന്നെ ആശ്വാസം. 

രണ്ടാമത്തെ മകളുടെ ഭര്‍ത്താവു വിദേശത്ത് ജോലി - അവളെ കൂടെ കൊണ്ടുപോയി, പക്ഷെ കാലക്രമേണ ഒരു സത്യം മനസ്സിലായി ചെറുപ്പത്തിലെ ഒരു രോഗത്തിന് അടിമയായിരുന്നു അയാളെന്നു, കുട്ടികളുമില്ല, പിന്നോരാശ്വാസം ഭര്‍ത്താവിനു അവളെ നല്ല കാര്യമാണെന്നതാണ്. 

ഇപ്പോളിതാ മൂന്നാമത്തെയാള്‍- പിന്നെയും അവരുടെ മനസ്സ് അവളിലേക്ക്‌ മടങ്ങി, സുന്ദരിയായ ഭാര്യയെ സംശയ കണ്ണോടെ നോക്കുന്നയാള്‍, അവള്‍ക്കു അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ വയ്യ, വീടിനു പുറത്തിറങ്ങണമെങ്കില്‍ അയാളുടെ അനുമതി വേണം, കാര്യമായ ജോലിയൊന്നുമില്ല, വീടാണെങ്കില്‍ അര പട്ടിണിയില്‍, അടിയും ഇടിയും, എത്രയാ അവള്‍ സഹിക്കുക, കോടികളുടെ ആസ്തിയുണ്ടായിരുന്ന ഒരാളുടെ മകളാണോ ഇന്നവള്‍, ഒരു സംശയരോഗിയുടെ ഭാര്യ, അവളെങ്ങനെ സഹിക്കുന്നു ഇത്, ഒരിക്കല്‍ ചെന്നപ്പോള്‍ 100രൂപ എന്‍റെ കയ്യില്‍ തന്നവള്‍ പറഞ്ഞത്, "അമ്മേ ഇത് ഞാന്‍ ആദ്യമായി സമ്പാദിച്ച പൈസയാണ്, ഇതമ്മ വാങ്ങണം, അടുത്ത വീട്ടിലെ കുട്ടികളെ ടുഷന്‍ എടുത്തു കിട്ടിയതാ".

അന്ന് കണ്ണ് നിറഞ്ഞാണ് അവള്‍ അത് തന്നതെങ്ങിലും, ആ കണ്ണുകളിലെ അഭിമാനം ഞാന്‍ കണ്ടതാണ്. ഇന്ന് അവന്‍ പ്രശ്നമുണ്ടാക്കാന്‍ അതൊരു കാരണമായി, ടുഷന്‍ കുട്ടികളുടെ ആരുടെയെങ്കിലും അച്ഛന്‍ ഫീസ് കൊടുക്കാനോ മറ്റോ ആവഴി വന്നാല്‍ പിന്നെ അവളുടെ കഷ്ടകാലം. ഭേദ്യം സഹിക്കവയ്യാതായപ്പോള്‍ ആവും അവള്‍ എന്നെ വിളിച്ചത്, എന്‍റെ കുട്ടിക്ക് ഈ ഗതി വന്നല്ലോ ഈശ്വരാ! എല്ലാം ആലോചിച്ചപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് കയറുന്നുണ്ടായിരുന്നു അമ്മയ്ക്ക്.

6 comments:

lekshmi. lachu said...

എന്ത് പറയാന്‍ ഇതുപോലെ ഒരുപാട് ജീവിതങ്ങള്‍
നമുക്ക് ചുറ്റിലും ഉണ്ട്...പെണ്‍കുട്ടികളെ പെട്ടന്ന് വിവാഹം
കഴിച്ചയക്കാന്‍ ദൃതി കാണിക്കുന്ന എല്ലാ അമ്മമാരും
ഓര്‍ക്കുക ..നല്ല വിദ്യാഭ്യാസം നല്‍കിയതിനു ശേഷം
വിവാഹം കഴിച്ചയക്കുന്നതിനെക്കുറിച്ച് ..പണ്ട് പറയുന്നതുപോലെ ,
വിദ്യാധനം സര്‍വ്വധനാല്‍ പ്രാധാന്യം..അതെ കാണൂ ജീവിതത്തില്‍
എന്നും മുതല്ക്കൂടായി.ആശംസകള്‍..

ആസാദ്‌ said...

ഇണകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാന്നു ഇണയുടെ സംശയം. അനുഭവം എന്ന ലേബലില്‍ വന്നത് കൊണ്ട് ഒരു കഥയല്ല എന്ന നിലയില്‍ വേണമല്ലോ ഇതിനെ കുറിച്ചു പറയാന്‍. അപ്പോള്‍ പിന്നെ ഒന്നേ പറയാനുള്ളൂ.. ഇതെന്റെയൊക്കെ ച്ചുടുപാടുകളില്‍ ഞാന്‍ ധാരാളം കണ്ട ചിലരുടെ കഥയാണ്‌..

എനിക്ക് ചുറ്റും said...

നന്ദി ലച്ചൂ

എനിക്ക് ചുറ്റും said...

നന്ദി ആസാദ്, ഇതില്‍ പറയുന്ന രണ്ടാമത്തെ പെണ്‍കുട്ടി എന്റെ ഉറ്റ സുഹൃത്താണ്.

ശ്രീ said...

എന്തെല്ലാം അനുഭവങ്ങളാണല്ലേ?

എനിക്ക് ചുറ്റും said...

അതെ, ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങള്‍.